ബെംഗളൂരു: ലോകത്തെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കാന്‍ ഒരു ഇന്ത്യക്കാരന് കഴിയുമോ? ഇല്ല എന്ന് ഉത്തരം പറയാന്‍ വരട്ടെ, അങ്ങനെ ഒരു ഇന്ത്യക്കാരനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കര്‍ണാടകയിലെ മൂഡബദ്രിയിലെ കാളയോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡയാണ് ബോള്‍ട്ടിനെ പിന്നിലാക്കുന്ന പ്രകടനം പുറത്തെടുത്തത്‌.

To advertise here,

ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു ശ്രീനിവാസ ഗൗഡയുടെ ഈ പ്രകടനം. കാളകളുമായി 142.5 മീറ്റര്‍ ഓടാന്‍ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതില്‍ 100 മീറ്റര്‍ പിന്നിട്ടത് വെറും 9.55 സെക്കന്റിലാണെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ജമൈക്കയുടെ ലോകറെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റാണ്.

placeholder
Srinivasa Gowda   Photo:Twitter

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ശ്രീനിവാസ ഗൗഡ താരമായി. ബോള്‍ട്ടുമായി മത്സരിച്ചാല്‍ ഈ കാളയോട്ടക്കാരന്‍ പുഷ്പംപോലെ ജയിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. ചെളിയിലൂടെ ഓടുന്നതിനേക്കാള്‍ അനായാസമാണ് ട്രാക്കിലൂടെയുള്ള ഓട്ടമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നാലെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ പരിശീലകര്‍ നടത്തുന്ന ട്രയല്‍സില്‍ ശ്രീനിവാസ പങ്കെടുക്കണമെന്നും ഇതിനായി ശ്രീനിവാസയെ വിളിക്കുമെന്നും കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു.

കാളപ്പൂട്ട് മത്സരത്തിലെ 30 വര്‍ഷം പഴക്കമുള്ള റെക്കോഡും ഇരുപത്തിയെട്ടുകാരനായ ശ്രീനിവാസ ഗൗഡ മറികടന്നു. 12 കാളപ്പൂട്ട് മത്സരങ്ങളില്‍ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകളാണ് ഇതുവരെ നേടിയത്. സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് ശ്രീനിവാസ പിന്നീട് കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി. ചെറുപ്പം മുതലെ കാളയോട്ട മത്സരം ശ്രീനിവാസയ്ക്ക് ജീവനായിരുന്നു. ആറു വര്‍ഷം മുമ്പാണ് ചെളിക്കണ്ടത്തേക്ക് ഇറങ്ങിയത്. ഈ റെക്കോഡിന്റെ എല്ലാ ക്രെഡിറ്റും കാളകള്‍ക്കുള്ളതാണെന്നും ശ്രീനിവാസ പറയുന്നു. 

Content Highlights: Srinivasa Gowda Kambala Buffalo Jockey Usain Bolt