ലണ്ടന്‍: 2022 വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ റൊമാനിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപും കസാഖ്‌സ്താന്റെ എലേന റൈബാക്കിനയും സെമിയില്‍. 

To advertise here,

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹാലെപ് അമേരിക്കയുടെ അമന്‍ഡ അനിസിമോവയെയും എലേന ഓസ്‌ട്രേലിയന്‍ താരം അയ്‌ല ടോംലാനോവിച്ചിനെയും കീഴടക്കി. ഇതോടെ വനിതാ വിഭാഗം സെമി ഫൈനല്‍ ലൈനപ്പായി. 

അമന്‍ഡയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹാലെപ് കീഴടക്കിയത്. പരിചയസമ്പന്നയായ ഹാലെപിനെതിരേ ഒന്നു പോരുതാന്‍ പോലും അമന്‍ഡയ്ക്ക് സാധിച്ചില്ല. സ്‌കോര്‍: 6-2, 6-4. മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍കൂടിയാണ് ഹാലെപ്. 2019-ല്‍ ഹാലെപ് വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. 

എലേന മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ടോംലാനോവിച്ചിനെ കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ കളിച്ച എലേന പിന്നീടുള്ള രണ്ട് സെറ്റും നേടി മത്സരം സ്വന്തമാക്കി. എലേനയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനമാണിത്. 

സെമിയില്‍ എലേന ഹാലെപ്പിനെ നേരിടും. മറ്റൊരു സെമിയില്‍ ജര്‍മനിയുടെ തത്യാന മരിയ ടുണീഷ്യയുടെ ഓണ്‍സ് യാബിയറുമായി കൊമ്പുകോര്‍ക്കും.