ലണ്ടന്‍: പരിക്കുമൂലം സ്പാനിഷ് താരം റാഫേല്‍ നദാല്‍ വിംബിള്‍ഡനില്‍ നിന്ന് പിന്‍മാറി. സെമി ഫൈനല്‍ മത്സരത്തിന് മുമ്പാണ് താരത്തിന്റെ പിന്മാറ്റം. ഇതോടെ എതിരാളി ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് ഫൈനലില്‍ കടന്നു. വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നദാല്‍ തന്നെയാണ് താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.

To advertise here,

ക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് നദാലിന് അടിവയറിന് പരിക്കേറ്റത്. പരിക്ക് വകവെക്കാതെ പൊരുതിയ താരം സെമിയിലെത്തി.

വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന സെമിയില്‍ നിക്ക് കിര്‍ഗിയോസിനെയാണ് സ്പാനിഷ് താരം നേരിടേണ്ടിയിരുന്നത്. കിര്‍ഗിയോസിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. മറ്റൊരു സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ നേരിടും.

ബുധനാഴ്ച നടന്ന കനത്ത പോരാട്ടത്തില്‍ അമേരിക്കയുടെ ടെയ്ലര്‍ ഫ്രിറ്റ്സിനെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് നഡാല്‍ സെമിയിലെത്തിയത് (3-6, 7-5, 3-6, 7-5, 7-6). അവസാന സെറ്റിലെ ടൈബ്രേക്കറില്‍ 10-4 നായിരുന്നു ജയം. മത്സരം നാലു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു.