പുണെ: മഹാരാഷ്ട്രയിലെ വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയൽ കൊലപ്പെടുത്തിയ കേസിൽ ക്രൂരമായ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് പുണെ പോലീസ്. പ്രതിയായ സിയ ഗോയൽ, സോനം രഘുവംശി എന്ന സ്ത്രീ മുൻപ് നടത്തിയ സമാനമായ ഒരു കൊലപാതകത്തെക്കുറിച്ച് ഓൺലൈനിലൂടെ വിശദമായി പഠിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സിയയുടെ ഫോൺ രേഖകളും ഇന്റർനെറ്റ് തിരച്ചിൽ ചരിത്രവുമാണ് ഈ ആസൂത്രിത കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാൻ പോലീസിനെ സഹായിച്ചത്.

To advertise here,

പഴയ കേസിലെ പിഴവുകൾ മനസ്സിലാക്കി കൂടുതൽ സുരക്ഷിതമായ വ്യാജ തെളിവുകൾ നിർമ്മിക്കാനും പോലീസിനെ കബളിപ്പിക്കാനും സിയ ശ്രമിച്ചിരുന്നു. കാമുകനായ ചേതൻ ചൗധരിയുടെ സഹായത്തോടെ കേതനെ കൊക്കയിലേക്ക് തള്ളിയിട്ടാണ് ഇവർ കൊലപ്പെടുത്തിയത്. ഈ കൃത്യത്തിൽ പ്രതികൾക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വിശദാംശങ്ങൾ പുറത്തുവന്നതോടെ, രാജാ രഘുവംശിയുടെയും കേതൻ അഗർവാളിന്റെയും കൊലപാതകങ്ങൾ തമ്മിൽ വിചിത്രമായ സാമ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

രണ്ട് കേസുകളിലും ഇരകളെ പങ്കാളികൾ മലഞ്ചെരിവിൽ നിന്ന് തള്ളിയിടുകയായിരുന്നു. ഭർത്താവിനെ കൊല്ലാൻ സോനം രഘുവംശി മെനഞ്ഞ പദ്ധതിയിൽ നിന്ന് സിയ ഗോയലും കാമുകനും കൂട്ടാളിയുമായ ചേതൻ ചൗധരിയും പാഠങ്ങൾ പഠിച്ചിരുന്നതായി പോലീസ് എൻഡിടിവിയോട് പറഞ്ഞു. രണ്ട് കേസുകളും തമ്മിൽ സാമ്യമുണ്ടെങ്കിലും, സോനം രഘുവംശിയുടെ തെറ്റുകളിൽ നിന്ന് പലതും മനസിലാക്കിയ സിയ മികച്ച ആസൂത്രണവും മെച്ചപ്പെട്ട അലബൈകളും ( കൃത്യം നടന്ന സമയത്ത് മറ്റൊരിടത്തായിരുന്നു എന്ന വാദം) തയ്യാറാക്കിയെന്നും പോലീസ് വിശ്വസിക്കുന്നു.

ഇത് പോലീസിന് കേസ് തെളിയിക്കുന്നത് ഏറെ ബുദ്ധിമുട്ടാക്കി. അന്വേഷണത്തിനിടയിലുണ്ടായ ഒരു വെളിപാടിലൂടെയാണ് (epiphany) തങ്ങൾക്ക് ഈ കേസിലെ വഴിത്തിരിവ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഒരു 'സ്ട്രീം ഓഫ് കോൺഷ്യസ്‌നസ്' (stream of consciounsess) നോവലിലെ പോലെ, പ്രതികൾ കുറ്റം സമ്മതിക്കുന്നത് വരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് അലബൈകളുടെ പല അടരുകളും പരിശോധിക്കേണ്ടി വന്നു. പോലീസ് കസ്റ്റഡിയിലെ കുറ്റസമ്മതം കോടതി തെളിവായി എടുക്കില്ലെങ്കിലും ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിൽ തെളിവുകൾ ശേഖരിക്കുന്നതിന് ഇത് സഹായിക്കും.

വിർജീനിയ വുൾഫിന്റെ പ്രശസ്തമായ 'മിസിസ് ഡാലോവേ' (Mrs. Dalloway) എന്ന നോവലിലേ പോലെ, കേതൻ അഗർവാളുമായുള്ള വിവാഹത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി കൊലപാതകമാണെന്ന് വിശ്വസിച്ച സിയ ഗോയലിന്റെ മനസ്സിൽ ഉണ്ടായ അതേ ക്രമത്തിൽ തന്നെയാണ് യാഥാർത്ഥ്യത്തിലും കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.

സിയ ഗോയലിന്റേത് ഒരു ക്രിമിനൽ ബുദ്ധിയാണോ എന്ന ചോദ്യത്തിന്, 'ഇതൊരു നിരാശയിൽ നിന്ന് ഉണ്ടായ കുറ്റകൃത്യമായിരുന്നു. വ്യക്തിബന്ധങ്ങളും അവരുടെ ചിന്താഗതിയുമാണ് ഇതാണ് ഏക പോംവഴിയെന്ന് അവരെ വിശ്വസിപ്പിച്ചത്. കുടുംബങ്ങൾ തമ്മിലുള്ള ഇടപാടുകളും അവരുടെ തീരുമാനത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.' എന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

'ചേതനെ കൊല്ലാനുള്ള സിയയുടെ തീരുമാനത്തിന് പിന്നിൽ ഒന്നിലധികം ഘടകങ്ങളുണ്ട്. കുടുംബപരവും സാമൂഹികവുമായ വിശ്വാസങ്ങൾ തീർച്ചയായും അതിലൊന്നാണ്. കേതൻ അഗർവാളിനെ ഇല്ലാതാക്കാനുള്ള അവരുടെ തീരുമാനത്തിന് പിന്നിൽ ഒന്നല്ല, മറിച്ച് ഒന്നിലധികം ഘടകങ്ങൾ കൂടിച്ചേർന്ന മാനസികനിലയാണ് എന്നാണ് അന്വേഷണം സൂചിപ്പിക്കുന്നത്. ആ അർത്ഥത്തിൽ, കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യം അവർക്ക് ഉണ്ടായിരുന്നു. കണ്ടെത്തലുകളിൽ നിന്നും വിചാരണയിൽ നിന്നും ഒരുപക്ഷേ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ അലബൈകൾ ആസൂത്രണം ചെയ്തുകൊണ്ട് അവർ അത് നടപ്പിലാക്കി.' അദ്ദേഹം കൂട്ടിച്ചേർത്തു.

കേതൻ അഗർവാളിനെ കൊലപ്പെടുത്തിയതിൽ സിയ ഗോയലിനും ചേതൻ ചൗധരിക്കും നിലവിൽ യാതൊരു ഖേദവുമില്ലെന്നും അവർ പശ്ചാത്താപത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു. 'ജയിലിലെ താമസം സാധാരണയായി അതിക്രൂരരായ കുറ്റവാളികളെപ്പോലും തളർത്താറുണ്ട്. ഇപ്പോൾ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ, ജയിലിൽ കഴിയുന്നതോടെ അവർക്ക് തങ്ങളുടെ തെറ്റിനെക്കുറിച്ച് ബോധമുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.' മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, നിരന്തരമായ ചോദ്യം ചെയ്യലുകൾ ഇല്ലായിരുന്നെങ്കിൽ രണ്ടുപേരും പിടിക്കപ്പെടാതെ രക്ഷപ്പെടുമായിരുന്നുവെന്ന് പോലീസ് പറയുന്നു. കേതന്റെ മരണം അപകടമാണെന്ന് കുടുംബം വിശ്വസിച്ചിരുന്നില്ല. കൂടാതെ, ലോഹഗഡ് കോട്ടയിലെ ട്രെക്കിങ്ങിനിടെ അദ്ദേഹം വീണ സ്ഥലം മറ്റ് സ്ഥലങ്ങളെപ്പോലെ അത്ര അപകടകരമല്ലായിരുന്നു എന്നത് പോലീസിനും സംശയമുണ്ടാക്കി. സാഹചര്യത്തെളിവുകൾ മാത്രമുണ്ടായിരുന്ന കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള പോലീസിന്റെ നീക്കവും നിർണായകമായി.

കൊലപാതകം ആസൂത്രണം ചെയ്യുന്ന സമയത്ത് ഇരുവരും വിശദമായ ഗവേഷണം നടത്തിയിരുന്നതായും, രാജാ രഘുവംശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചില വാർത്താ റിപ്പോർട്ടുകൾ അവർ വായിച്ചിരുന്നതായും വിശ്വസിക്കാൻ പോലീസിന് നിരവധി കാരണങ്ങളുണ്ട്. ഈ കേസിനെ അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് ആദ്യംമുതൽ തന്നെ കേതന്റെ കേസിന്റെ അന്വേഷണവും മുന്നോട്ട് കൊണ്ടുപോയിരുന്നത്. രണ്ടുകേസുകളും തമ്മിലുള്ള സാമ്യം ആ സമയത്തുതന്നെ പോലീസിൽ പല സംശയങ്ങളും ഉയർത്തിയിരുന്നു.

രാജാ രഘുവംശിയുടെ കൊലപാതകം അദ്ദേഹത്തിന്റെ നവവധുവായ സോനം രഘുവംശിയാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. രാജാ രഘുവംശിയെ ആദ്യം കൊലപ്പെടുത്തുകയും, ശേഷം മൃതദേഹം വിജനമായ സ്ഥലത്തെ മലഞ്ചെരിവിൽ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു സോനം ചെയ്തത്. എന്നാൽ കേതന്റെ കേസിൽ, സിയയും ചേതനും ചേർന്ന് ഒന്നിച്ചാണ് കേതനെ മലഞ്ചെരുവിൽ നിന്ന് തള്ളിയിട്ടത്. സിയ തനിയെ തള്ളിയാൽ കേതൻ താഴെയുള്ള കൊക്കയിലേക്ക് വീഴുമെന്ന് ഉറപ്പില്ലാത്തതിനാലാണ് അവർ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്.

സിയ ഗോയലിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ, മേഘാലയയിൽ നടന്ന രാജാ രഘുവംശി കൊലപാതകത്തിന്റെ വിശദാംശങ്ങൾ അവർ പരിശോധിച്ചിരുന്നതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. പോലീസ് കസ്റ്റഡിയിൽ സ്ത്രീകളെ മർദിക്കാറുണ്ടോ എന്നും വനിതാ തടവുകാരുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും അവർ ഇന്റർനെറ്റിൽ പരിശോധിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സിയയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രണ്ടാമത്തെ മൊബൈൽ ഫോണിൽ നിന്ന് കൊലപാതകത്തിന്റെ ആസൂത്രണത്തെയും നടത്തിപ്പിനെയും കുറിച്ചുള്ള കൂടുതൽ സൂചനകൾ ലഭിച്ചേക്കാം. ഈ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്

അതേസമയം, സിയ ഗോയലിന്റെ കുറ്റകൃത്യം തന്റെ മകനെയും സോനത്തെയും ഓർമ്മിപ്പിക്കുന്നുവെന്ന് രാജാ രഘുവംശിയുടെ അമ്മ ഉമ രഘുവംശി പറഞ്ഞു. പ്രതികളാരും തങ്ങളുടെ പ്രവൃത്തിയിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഷില്ലോങ്ങിൽ രാജാ രഘുവംശി കൊലപാതകക്കേസിന്റെ വിചാരണ തുടരുന്നതിനിടെ സോനം രഘുവംശി ജാമ്യത്തിൽ ഇറങ്ങിയത് സമാനമായ കേസുകളിലെ പ്രതികൾക്ക് കൂടുതൽ ധൈര്യം നൽകിയേക്കാമെന്നും ഉമ രഘുവംശി കൂട്ടിച്ചേർത്തു.