ലണ്ടന്‍: 2022 വിംബിള്‍ഡണ്‍ വനിതാ വിഭാഗം ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ താരമായി ടുണീഷ്യയുടെ ഓണ്‍സ് യാബിയര്‍. സെമി ഫൈനലില്‍ ജര്‍മനിയുടെ തത്യാന മരിയയെ കീഴടക്കിയാണ് യാബിയര്‍ ഫൈനലില്‍ പ്രവേശിച്ചത്. 

To advertise here,

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് യാബിയര്‍ വിജയം നേടിയത്. സ്‌കോര്‍: 6-2, 3-6,6-1 യാബിയറിന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സെമിയില്‍ തത്യാനയ്‌ക്കെതിരേ മികച്ച ഫോം കണ്ടെത്താന്‍ താരത്തിന് സാധിച്ചു. വിംബിള്‍ഡണിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തുന്ന ആദ്യ അറബ് വനിത എന്ന റെക്കോഡ് യാബിയര്‍ സ്വന്തമാക്കി. 

ആദ്യ സെറ്റില്‍ മേധാവിത്വം പുലര്‍ത്തിയ യാബിയര്‍ മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞു. തത്യാനയുടെ പിഴവുകളും താരത്തിന് തുണയായി. ഇതോടെ ആദ്യ സെറ്റ് 6-2 ന് യാബിയര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ കഥ മാറി. ശക്തമായി തിരിച്ചുവന്ന തത്യാന യാബിയറിനെ പ്രതിരോധത്തിലാക്കി. സെറ്റ് 6-3 ന് സ്വന്തമാക്കി തത്യാന മത്സരം മൂന്നാംസെറ്റിലേക്ക് നീട്ടി. 

എന്നാല്‍ മൂന്നാം സെറ്റില്‍ യാബിയര്‍ തകര്‍ത്ത് കളിക്കുന്ന കാഴ്ചയ്ക്കാണ് വിംബിള്‍ഡണ്‍ പുല്‍കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. 5-0 ന് മുന്നില്‍ നിന്ന താരം തത്യാനയ്ക്ക് യാതൊരുവിധ സാധ്യതയും നല്‍കിയില്ല. പിന്നാലെ സെറ്റ് 6-1 ന് സ്വന്തമാക്കി യാബിയര്‍ ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ സിമോണ ഹാലെപ്പോ എലേന റൈബിക്കാനയോ ആയിരിക്കും യാബിയറിന്റെ എതിരാളി.