മെല്‍ബണ്‍: കൃത്യം ഒരു വര്‍ഷംമുമ്പാണ് മെല്‍ബണില്‍നിന്ന് നൊവാക് ജോക്കോവിച്ച് പുറത്താക്കപ്പെടുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയ ജോക്കോവിച്ചിനെ നാട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു. ഇക്കുറി തിരിച്ചുവരവില്‍ റോഡ് ലേവര്‍ അറീനയിലെ കാണികള്‍ ആരവങ്ങളോടെ ജോക്കോയെ വരവേറ്റു. ആദ്യറൗണ്ട് വിജയവുമായി താരം മടങ്ങിവരവ് ആഘോഷമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യറൗണ്ടില്‍ ജോക്കോ കീഴടക്കിയത് സ്പെയിനിന്റെ റോബര്‍ട്ടോ കാര്‍ബാലെസ് ബായിനയെയാണ് (6-3, 6-4, 6-0).

To advertise here,

കടുത്ത ചൂടും പിന്നാലെ കനത്ത മഴയും വന്നതോടെ രണ്ടാംദിവസത്തെ കളി ഇടയ്ക്ക് നിര്‍ത്തിവെക്കേണ്ടിവന്നു. നാല് മണിക്കൂര്‍ 49 മണിക്കൂര്‍ നീണ്ട അഞ്ച് സെറ്റ് ത്രില്ലറില്‍ ബ്രിട്ടന്റെ ആന്‍ഡി മറെ നേടിയ വിജയമായിരുന്നു ശ്രദ്ധേയം. ഇറ്റലിയുടെ മാത്തിയോ ബെറേറ്റിനിയെയാണ് മറെ ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചത് (6-3, 6-3, 4-6, 6-7, 7-6).

രണ്ടാം സീഡ് നോര്‍വേയുടെ കാസ്പര്‍ റൂഡും അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രെ റുബ്ലേവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മഷാക്കിനെയാണ് റൂഡ് തോല്‍പ്പിച്ചത് (6-3, 7-6, 6-7, 6-3).

വനിതാവിഭാഗത്തില്‍ രണ്ടാം സീഡ് ടുണീഷ്യയുടെ ഒന്‍സ് ജാബിയൂര്‍, നാലാം സീഡ് ഫ്രാന്‍സിന്റെ കരോളിന ഗാര്‍സിയ, അഞ്ചാം സീഡ് ബെലാറുസിന്റെ ആര്യാന സബലേങ്ക, കനഡയുടെ ലെയ്ല ഫെര്‍ണാണ്ടസ്, ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.