മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കരുത്തര്‍ക്ക് വിജയത്തുടക്കം. റാഫേല്‍ നദാലും ആഷ്‌ലി ബാര്‍ട്ടിയും നവോമി ഒസാക്കയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 

To advertise here,

പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ മാര്‍ക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-1, 6-4, 6-2. രണ്ടാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ തനാസി കൊക്കിനാക്കിസോ ജര്‍മനിയുടെ യാന്നിക്ക് ഹാന്‍ഫ്മാനോ ആയിരിക്കും നദാലിന്റെ എതിരാളി. നൊവാജ് ജോക്കോവിച്ച് കളിക്കാത്തതിനാല്‍ കിരീടസാധ്യത ഏറെയുള്ള താരമാണ് ലോക ആറാം നമ്പറായ നദാല്‍. നദാലിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ 70-ാം വിജയം കൂടിയാണിത്. 

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി യുക്രൈനിന്റെ ലെസിയ സുറെങ്കോയെ തകര്‍ത്തു. ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബാര്‍ട്ടിയുടെ വിജയം. സ്‌കോര്‍ 6-0, 6-1. 

ജാപ്പനീസ് താരമായ നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊളംബിയയുടെ കമീല ഒസോറിയോയെ കീഴടക്കി. സ്‌കോര്‍ 6-3, 6-3. നിലവിലെ വനിതാ സിംഗിള്‍സ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയാണ് ഒസാക്ക.

Content Highlights: Nadal, Barty and Osaka enters into the second round of Australian open