മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസ് ഫൈനലിൽ. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ചാണ് അൽക്കരാസ് ഫൈനലിലെത്തിയത്. അഞ്ചുസെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുക്കമാണ് അൽക്കരാസിന്റെ ജയം. (സ്കോർ: 6-4, 7-6,6-7,6-7, 7-5)
സെമിയിൽ വൻ ആധിപത്യം പുലർത്തിയാണ് അൽക്കരാസ് തുടങ്ങിയത്. ആദ്യ രണ്ട് സെറ്റുകളിലും അൽക്കരാസ് മിന്നിച്ചതോടെ അലക്സാണ്ടർ സ്വരേവ് പ്രതിരോധത്തിലായി. ആദ്യ സെറ്റ് 6-4 നാണ് അൽക്കരാസ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ സ്വരേവ് വെല്ലുവിളിയുയർത്തിയെങ്കിലും ടൈ ബ്രേക്കറിൽ വീണു. 7-5 ന് ടൈബ്രേക്കർ കടന്ന അൽക്കരാസ് സെറ്റും സ്വന്തമാക്കി.
മത്സരം ഏകപക്ഷീയമായി സ്പെയിൻ യുവതാരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും സ്വരേവ് തിരിച്ചടിച്ചു. അൽക്കരാസിന്റെ ശക്തമായ പ്രതിരോധം മറികടന്ന സ്വരേവ് കളിയിലേക്ക് ഗംഭീര തിരിച്ചുവരവും നടത്തി. മൂന്നാം സെറ്റിലും നാലാം സെറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. രണ്ട് സെറ്റുകളിലും മത്സരം ടൈബ്രേക്കറിലേക്ക് വീണ്ടു. എന്നാൽ ഇക്കുറി സ്വരേവ് വിട്ടുകൊടുത്തില്ല. രണ്ടിലും ജയിച്ചുകയറിയ താരം മത്സരം സമനിലയിലാക്കി.
മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടതോടെ സെമി പോരാട്ടം കടുത്തു. എന്നാൽ അവസാന സെറ്റിൽ അൽക്കരാസ് കളി പിടിച്ചു. 7-5 ന് അഞ്ചാം സെറ്റും മത്സരവും സ്വന്തമാക്കി. നൊവാക് ജോക്കോവിച്ച്-യാനിക് സിന്നർ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ അൽക്കരാസിന്റെ എതിരാളി. ഓസ്ട്രേലിയൻ ഓപ്പൺ നേടാനായാൽ കരിയർ ഗ്രാൻഡ് സ്ലാം നേട്ടവും താരത്തിന് സ്വന്തമാകും.
Content Highlights: Alcaraz Enters First Aus Open Final
Published: 30 Jan 2026, 04:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented