മലപ്പുറം: ഓടുമ്പോൾ ശരീരവും വേഗവും നിയന്ത്രിക്കാൻ സഹായിക്കുന്ന രണ്ടു കൈപ്പത്തികളിൽ ഒന്നില്ലെങ്കിലും ബാസിലിന്റെ കുതിപ്പിന് തടയിടാൻ ഒന്നിനുമായില്ല. ഇടതുകൈ മാത്രം നീട്ടിയോടി ബാസിൽ പിന്നിലാക്കിയത് ഇരുകൈകളും നീട്ടി ഓടിയ സഹതാരങ്ങളെ. ദൂരം പിന്നിലായപ്പോൾ നേട്ടങ്ങൾ കൂടെവന്നു. ഭിന്നശേഷിയെ മഹാശേഷിയാക്കി മുഹമ്മദ് ബാസിൽ ചൊവ്വാഴ്ച ആദ്യ അന്താരാഷ്ട്ര മെഡൽ കഴുത്തിലണിഞ്ഞു. ഗ്ലാസ്‌ഗോയിൽ കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സിലെ 100 മീറ്റർ ടി-47 വിഭാഗത്തിൽ (10.83 സെക്കൻഡ്) വെള്ളി. ഇന്ത്യയുടെ തന്നെ ദിലീപ് മഹദു ഗവിറ്റാണ് (10.71) സ്വർണം നേടിയത്.
സ്‌കൂളിൽ പഠിക്കുന്നകാലത്ത് പൊന്നാനിയുടെ മണൽപ്പരപ്പിൽ ഓടിത്തുടങ്ങിയ ബാസിൽ, 21-ാം വയസ്സിൽ രാജ്യത്തിന്റെ അഭിമാനമായി. വെളിയങ്കോട് ഉമേരി സ്‌കൂളിൽ പഠിക്കുമ്പോൾ കായികാധ്യാപകനായ കെ.വി. മുഹമ്മദ് അനസാണ് ബാസിലിന്റെ കഴിവ് കണ്ടെത്തുന്നത്. തുടർന്ന് എട്ടുവർഷം അനസിനൊപ്പം പരിശീലനം. മൂന്നുവർഷമായി തിരുവനന്തപുരം എൽ.എൻ.സി.പി.ഇ.യിലെ ആർ. ശ്രീനിവാസനൊപ്പമാണ്. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ രണ്ടാംവർഷ എക്കണോമിക്സ് വിദ്യാർഥിയാണ്.
പൊന്നാനി പുല്ലോണത്ത് അത്താണി പള്ളപ്രം സ്വദേശിയായ ബാസിൽ 2025-ൽ ചെന്നൈയിൽനടന്ന ദേശീയ പാരാ അത്ലറ്റിക്സിൽ 10.90 സെക്കൻഡോടെ സ്വർണം നേടിയതോടെയാണ് ദേശീയ ശ്രദ്ധയിലെത്തിയത്. ഖേലോ ഇന്ത്യ പാരാ ഗെയിംസിലും (10.98 സെക്കൻഡ്) ഒന്നാമൻ. പാരീസിലെ ലോക പാരാ അത്ലറ്റിക്സിൽ 11.06 സെക്കൻഡിൽ ഓടിയെത്തിയതോടെ കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്സ് ടീമിൽ ഇടംനേടി. ഇന്ത്യൻ ഓപ്പൺ പാരാ അത്ലറ്റിക്സിൽ 10.63 സെക്കൻഡിൽ ഏഷ്യൻ റെക്കോഡോടെ സ്വർണം നേടിയിരുന്നു. കളത്തിങ്ങൽ കെ. സിറാജുദ്ദീന്റെയും ഒ.ഒ. സീനത്തിന്റെയും രണ്ടാമത്തെ മകനായ ബാസിൽ കോമൺവെൽത്തിലെ ഈ മെഡൽ കുടുംബത്തിനും പരിശീലകർക്കും സമർപ്പിക്കുന്നു. ''അത്ലറ്റ് ആകാനുള്ള അവന്റെ മോഹത്തിനൊപ്പമായിരുന്നു ഞങ്ങൾ എന്നും. തുടർന്നും ഒപ്പമുണ്ടാകും'' -സിറാജുദ്ദീനും സീനത്തും പറഞ്ഞു. സൽ സബീൽ, മുഹമ്മദ് ഷാമിൽ എന്നിവർ സഹോദരങ്ങൾ.
‘’മെഡൽനേട്ടം വലിയ സന്തോഷമാണെങ്കിലും തണുപ്പ് കാലുകളെ വല്ലാതെ ബാധിച്ചതിനാൽ പ്രതീക്ഷിച്ച വേഗം കണ്ടെത്താനായില്ല. ഇനിയും ഒരുപാട് ദൂരം ഓടാനുണ്ട്. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസാണ് അടുത്തലക്ഷ്യം’’- മുഹമ്മദ് ബാസിൽ.
Content Highlights: Mohammed Basil wins silver in 100m T-47 at Glasgow Commonwealth Games., Clocked 10.83 seconds to achieve his first international medal., Previous achievements include national gold in Chennai 2025 and Asian record at Indian Open., Currently a student at Mar Ivanios College, Thiruvananthapuram., Targeting the upcoming Asian Para Games in Japan.
Published: 31 Jul 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented