ബെര്‍ലിന്‍: ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സെനിനെ അട്ടിമറിച്ച് ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്‍ ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ വിജയം നേടിയത്. 

To advertise here,

സ്‌കോര്‍: 21-13, 12-21, 22-20. മത്സരം ഒരു മണിക്കൂറും പത്തുമിനിറ്റും നീണ്ടു. ആദ്യ ഗെയിം അനായാസം നേടിയ ലക്ഷ്യ സെന്‍ രണ്ടാം ഗെയിമില്‍ അടിയറവുപറഞ്ഞു. എന്നാല്‍ മൂന്നാം ഗെയിമില്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന 20 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യന്‍ താരം അക്‌സല്‍സെനിനെ ഞെട്ടിച്ചു. 22-20 ന് ഗെയിം സ്വന്തമാക്കി ലക്ഷ്യ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തു. 

ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ലക്ഷ്യ സെന്‍ അതേ മികവ് ജര്‍മന്‍ ഓപ്പണിലും പുറത്തെടുത്തു. ജനുവരിയില്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 500 കിരീടവും താരം നേടിയിരുന്നു. അക്‌സല്‍സെനിനെതിരേ ലക്ഷ്യയുടെ ആദ്യ വിജയം കൂടിയാണിത്. 

ഫൈനലില്‍ തായ്‌ലന്‍ഡിന്റെ സീഡില്ലാതാരം കുന്‍ലവുട്ട് വിറ്റിഡ്‌സാണാണ് ലക്ഷ്യയുടെ എതിരാളി. സെമിയില്‍ മലേഷ്യയുടെ ലീ സീ ജിയയെ തകര്‍ത്താണ് വിറ്റിഡ്‌സാണ്‍ ഫൈനലിലെത്തിയത്.