മെല്‍ബണ്‍: ലോക നാലാം നമ്പര്‍ കരോളിന പ്ലിസ്‌കോവയ്ക്ക് പരിക്ക്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ പ്ലിസ്‌കോവയ്ക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമാകും. 

To advertise here,

29 കാരിയായ പ്ലിസ്‌കോവയുടെ കൈയ്ക്കാണ് പരിക്കേറ്റത്. 2019 ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമി ഫൈനലിലെത്തിയ പ്ലിസ്‌കോവ ആ വര്‍ഷത്തെ ചാമ്പ്യനായ നവോമി ഒസാക്കയോട് പരാജയപ്പെട്ടു. 

ചെക്ക് റിപ്പബ്ലിക്കിന്റെ താരമായ പ്ലിസ്‌കോവ മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയാണ്. പക്ഷേ ഇതുവരെ ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിടാന്‍ പ്ലിസ്‌കോവയ്ക്ക് സാധിച്ചിട്ടില്ല. 2021 വിംബിള്‍ഡണിന്റെ ഫൈനലിലെത്തിയെങ്കിലും ആഷ്‌ലി ബാര്‍ട്ടിയോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 2016-ല്‍ യു.എസ്.ഓപ്പണിന്റെ ഫൈനലിലും പ്ലിസ്‌കോവ കളിച്ചു. അന്ന് ആഞ്ജലിക് കെര്‍ബറാണ് താരത്തെ കീഴടക്കിയത്. 

പ്ലിസ്‌കോവയെക്കൂടാതെ ഇതിഹാസ താരങ്ങളായ സെറീന വില്യംസ്, റോജര്‍ ഫെഡറര്‍ തുടങ്ങിയവരും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. ജനുവരി 17 നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.

Content Highlights: Injured Karolina Pliskova out of Australian Open