മുംബൈ: 2026-ലെ ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരമ്പരാഗതമായ നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള കിറ്റ് അവതരിപ്പിക്കാനുള്ള ഹോക്കി ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ താരം വിരെൻ റസ്ക്വിന. ഈ നീക്കം അമ്പരപ്പുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അർജന്റീനയുടെ ഫുട്‌ബോൾ ടീം അവരുടെ ഐക്കണിക് ജേഴ്‌സിയുടെ നിറം മാറ്റുമോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ഈ തീരുമാനത്തിന്റെ യുക്തിയെ ചോദ്യം ചെയ്തു.

To advertise here,

പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ ഹോക്കിയുടെ സ്വത്വവും പാരമ്പര്യവും തകർക്കുന്ന ഒന്നാണ് ഈ മാറ്റമെന്നും ഇത് ആരാധകർക്ക് വലിയ നിരാശയുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ടീമിന്റെ പൈതൃകവും അടയാളവും എപ്പോഴും നീല നിറമാണെന്നും, വർഷങ്ങളോളം താൻ നീല ജേഴ്‌സി അഭിമാനത്തോടെ ധരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധകർ ഇന്ത്യൻ ടീമിനെ നീല നിറത്തിൽ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഹോക്കി ഇന്ത്യ മുൻപ് പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഈ തീരുമാനം നിരാശാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

2001-ൽ ജൂനിയർ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു റസ്ക്വിന. 2004 ഏതൻസ് ഒളിമ്പിക്‌സിലും 2006 ലോകകപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം തന്റെ തലമുറയിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.

എന്നാൽ ധൈര്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായാണ് ഈ പുതിയ മാറ്റമെന്നാണ് ഹോക്കി ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. കാവി നിറം ധീരത, ത്യാഗം, വിജയം എന്നിവയെ സൂചിപ്പിക്കുന്നുവെന്നും, ഇത് ഇന്ത്യൻ ദേശീയ പതാകയിൽ നിന്നും ഉദയസൂര്യനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിൽ പുരുഷ-വനിതാ ടീമുകൾ ഈ പുതിയ വേഷത്തിലാകും കളത്തിലിറങ്ങുക.