മെല്‍ബണ്‍: 2023 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് തോല്‍വി. പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് പ്രണോയിയെ കീഴടക്കിയത്.
മൂന്ന് ഗെയിം നീണ്ട ഊജ്ജ്വല പോരാട്ടത്തിനൊടുവിലാണ് പ്രണോയ് കീഴടങ്ങിയത്.മത്സരം ഒന്നര മണിക്കൂറോളം നീണ്ടു. സ്‌കോര്‍: 9-21, 23-21, 20-22. ആദ്യ ഗെയിമില്‍ മാത്രമാണ് പ്രണോയ്ക്ക് പിഴച്ചത്. ആദ്യ ഗെയിമില്‍ താളം കണ്ടെത്താതെ പോയ മലയാളിതാരം 21-9 ന് ചൈനീസ് താരത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. എന്നാല്‍ രണ്ടാം ഗെയിമില്‍ ആളിക്കത്തിയ പ്രണോയ് ആവേശകരമായ പോരാട്ടത്തിലൂടെ 23-21 ന് ഗെയിം സ്വന്തമാക്കി.
മൂന്നാം ഗെയിമില്‍ പ്രണോയ് 19-17 ന് മുന്നിട്ടുനിന്നതാണ്. കിരീടത്തിലേക്ക് വെറും രണ്ട് പോയന്റ് മാത്രമായിരുന്നു ദൂരം. എന്നാല്‍ അത്ഭുതകരമായി തിരിച്ചടിച്ച ചൈനീസ് താരം സ്‌കോര്‍ 20-20 ന് സമനിലയില്‍ പിടിച്ചു. പിന്നാലെ തുടര്‍ച്ചയായി രണ്ട് പോയന്റുകള്‍ കൂടി നേടി കിരീടം സ്വന്തമാക്കി. ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള പ്രണോയിയെ ലോക 24-ാം റാങ്കുകാരനായ വെങ് അട്ടിമറിക്കുകയായിരുന്നു.
2023 മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രണോയില്‍ നിന്നേറ്റ തോല്‍വിയ്ക്കുള്ള മധുരപ്രതികാരമായി ചൈനീസ് താരത്തിന്റെ ഈ വിജയം. മലേഷ്യ മാസ്റ്റേഴ്‌സിലും മൂന്ന് ഗെയിമിലേക്ക് പോരാട്ടം നീണ്ടിരുന്നു. അന്ന് 94 മിനിറ്റ് നീണ്ടുനിന്ന മത്സരമാണ് പ്രണോയ് സ്വന്തമാക്കിയത്. പ്രണോയിയുടെ കരിയറിലെ ആദ്യ വേള്‍ഡ് ടൂര്‍ കിരീടം കൂടിയായിരുന്നു അത്.
Content Highlights: HS Prannoy loses 90-minute thriller against Weng Hong Yang in australian open
Published: 06 Aug 2023, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented