വിശ്വനാഥന്‍ ആനന്ദ് ലോകത്തിന്റെ നെറുകയിലെത്തിയത് 2000ലാണ്. അന്നത് ചരിത്രനേട്ടമായിരുന്നു. അക്കൊല്ലം ഡിസംബര്‍ 24 നാണ് ആനന്ദ് ആദ്യമായി ചതുരംഗക്കളിയില്‍ ലോകജേതാവായത്. (പിന്നീട് നാല് തവണ കൂടി ആനന്ദ് ലോകകിരീടം നേടി). 24 കൊല്ലത്തിനുശേഷം മറ്റൊരു ചരിത്രനേട്ടം കൂടി ഇന്ത്യയ്ക്ക് സ്വന്തം. ഏറ്റവും പ്രായം കുറഞ്ഞ ചെയ്ത ലോകചാമ്പ്യനെ ഇന്ത്യ സംഭാവന ചെയ്തിരിക്കുകയാണ്. പതിനെട്ടുകാരനായ ദൊമ്മെരാജ ഗുകേഷ് ലോകചാമ്പ്യനായിരിക്കുന്നു. ഗുകേഷ് ചാമ്പ്യനായ ദിവസത്തിനുമുണ്ട് പ്രത്യേകത. 12.12.24 എന്ന അക്കങ്ങളില്‍ മാന്ത്രികത നിറഞ്ഞ ദിവസം. നൂറ് കോടി ജനങ്ങള്‍ക്ക് ഒരു ലോകചാമ്പ്യന്‍ എന്നാണ് ആനന്ദ് ആദ്യമായി ലോകചാമ്പ്യനായപ്പോള്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇന്ന് രാജ്യത്തെ ജനസംഖ്യ 150 കോടിയിലെത്തിയിരിക്കുന്നു. 150 കോടി ജനങ്ങള്‍ക്ക് അഭിമാനമായി ഡി. ഗുകേഷ് എന്ന മറ്റൊരു ചാമ്പ്യന്‍ കൂടി ചതുരംഗക്കളിയുടെ ഉപജ്ഞാതാക്കളായ ഇന്ത്യയില്‍ നിന്ന്. രാജ്യത്തിന് വാനോളം  അഭിമാനിക്കാം, ആഘോഷിക്കാം. 

To advertise here,

ആറാം നൂറ്റാണ്ടില്‍ ചതുരംഗക്കളി തുടങ്ങിയെങ്കിലും 2000 ല്‍ ആനന്ദ് ലോകചാമ്പ്യനാകുന്നതുവരെ ഒരാള്‍ക്ക് പോലും ആ നേട്ടം കൈവരിക്കാനിയിരുന്നില്ല. ചെസിനെ കായികവിനോദമെന്നാണോ ബൗദ്ധികവിനോദമാണെന്നാണോ വിശേഷിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ബുദ്ധി കൊണ്ടാണ് ചതുരംഗക്കളത്തില്‍ നേട്ടമുണ്ടാക്കേണ്ടത് എന്നതില്‍ തര്‍ക്കമില്ല. വിജയം സുനിശ്ചിതമായ നീക്കം കണ്ടെത്താന്‍ അസാമാന്യബുദ്ധിയും കഠിനമായ പ്രയത്‌നവും ആവശ്യമാണ്. കഠിനപ്രയത്‌നത്തിന്റെ ഫലം എന്നാണ് ഗുകേഷിന്റെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഏഴാം വയസ്സുമുതലാണ് ചെസിന്റെ തന്ത്രങ്ങള്‍ ഗുകേഷ് സ്വായത്തമാക്കി തുടങ്ങിയത്. നന്നേ ചെറുപ്പം മുതല്‍ ചെസില്‍ താല്‍പര്യം കാണിച്ചുതുടങ്ങിയ ഗുകേഷിന് മാതാപിതാക്കള്‍ പ്രോത്സാഹനമേകി. 

പതിന്നാലാം വയസ്സില്‍, അതായത് 2020 മുതല്‍ ആനന്ദ് നേതൃത്വം നല്‍കുന്ന വെസ്റ്റ് ബ്രിജ് ആനന്ദ് ചെസ് അക്കാദമിയിലാണ് ഗുകേഷിന്റെ പരിശീലനം എന്നതും ശ്രദ്ധേയം. 2022ലാണ് ഡബ്യൂ.ആര്‍. മാസ്റ്റര്‍ ടൂര്‍ണമെന്റിന്റെ ഫസ്റ്റ് എഡിഷനില്‍ ഗുകേഷ് പങ്കെടുക്കുന്നത്. അവസാനറൗണ്ടില്‍ പരാജയപ്പെട്ടെങ്കിലും ഗുകേഷിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ചെയ് വേള്‍ഡ് കപ്പില്‍ മാഗ്നസ് കാള്‍സണുമായി എറ്റുമുട്ടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായെങ്കിലും ഗുകേഷിന്റെ എഫ്‌ഐഡിഇ റേറ്റിങ് 2750 ആയി. ആനന്ദിന്റെ റാങ്ക് മറികടക്കാന്‍ ഗുകേഷിന് സാധിച്ചു. 37 വര്‍ഷക്കാലയളവിനിടെ ആദ്യമായാണ് ഒരു കളിക്കാരന്‍ ആനന്ദിന്റെ റാങ്ക് മറികടന്നതെന്ന നേട്ടവും ഗുകേഷിന് സ്വന്തം. 

2024 ഏപ്രിലില്‍ കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ലോകത്തെ മുന്‍നിര താരങ്ങളോട് ഏറ്റുമുട്ടി ഗുകേഷ് ചരിത്രമെഴുതി. കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്. ആനന്ദിനുശേഷം ഈ ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായിരുന്നു ഗുകേഷ്. 2024 ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതാമത്സരം കൂടിയായിരുന്നു അത്. അങ്ങനെ ആനന്ദിനെപ്പോലെ, ആനന്ദിനെ ഓര്‍മിപ്പിച്ച്, ആനന്ദിന്റെ പരിശീലനക്കളരിയിലൂടെ മറ്റൊരു ലോകചാമ്പ്യനായിരിക്കുന്നു ഗുകേഷ്. മുപ്പതാമത്തെ വയസ്സില്‍ ആദ്യമായി ലോകചാമ്പ്യനാകുമ്പോള്‍ ആനന്ദിനെ കുറിച്ച് മാധ്യമങ്ങളെഴുതിയത് ഇനിയുമെത്ര കിരീടങ്ങള്‍ നേടാനിരിക്കുന്നൂവെന്നാണ്. സമാനമായി ഗുകേഷിനും നമുക്ക് ആശംസകള്‍ നേരാം, ഗുകേഷ് എന്ന പതിനെട്ടുകാരനെ ഇനിയുമെത്രയോ നേട്ടങ്ങള്‍ കാത്തിരിക്കുന്നു...!