ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ റൊമാനിയയുടെ സിമോണ ഹാലെപിനെ വീഴ്ത്തി കസാഖ്‌സ്താന്റെ എലേന റൈബാക്കിന വിംബിള്‍ഡണ്‍ ഫൈനലില്‍. വനിതാ സിംഗിള്‍സ് സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റൈബാക്കിന വിജയം നേടിയത്. 

To advertise here,

മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍കൂടിയായ ഹാലെപിനെതിരേ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് റൈബാക്കിന വിജയം നേടിയത്. സ്‌കോര്‍: 6-3, 6-3

ഈ വിജയത്തോടെ വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ കസാഖ്‌സ്താന്‍ താരം എന്ന റെക്കോഡ് റൈബാക്കിന സ്വന്തമാക്കി. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്. ലോകറാങ്കിങ്ങില്‍ 17-ാം സ്ഥാനത്താണ് റൈബാക്കിന.

കനത്തപോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരാകുന്ന കാഴ്ചയ്ക്കാണ് വിംബിള്‍ഡണിലെ പുല്‍കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. മത്സരം ഏകപക്ഷീയമായിരുന്നു. ഹാലെപ്പിനെ നിസ്സഹായയാക്കി ആദ്യ സെറ്റും രണ്ടാം സെറ്റും 6-3 ന് സ്വന്തമാക്കി റൈബിക്കാന ഫൈനല്‍ ടിക്കറ്റെടുത്തു. ഫൈനലില്‍ ടുണീഷ്യയുടെ ഓണ്‍സ് യാബിയറാണ് റൈബാക്കിനയുടെ എതിരാളി. ഇതോടെ ഇത്തവണ പുതിയൊരു ചാമ്പ്യന്‍ വനിതാവിഭാഗത്തിലുണ്ടാകുമെന്ന കാര്യമുറപ്പായി. 

ഗാര്‍ബൈന്‍ മുഗുരുസയ്ക്ക് ശേഷം വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാതാരം എന്ന റെക്കോഡ് റൈബാക്കിന സ്വന്തമാക്കി. വെറും 23 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.