ഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടാന്‍ പാകിസ്താനുമായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിലും തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശം. ഇന്ത്യക്കായി രണ്ട് ഗോളുകളും നേടിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ്.

To advertise here,

ആദ്യ പകുതിയിലാണ് ഇരുടീമുകളും ഗോളുകള്‍ നേടിയത്. ആദ്യം ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. എട്ടാം മിനിറ്റില്‍ത്തന്നെ ഗോള്‍ നേടി പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിച്ചു. നദീം അഹ്‌മദാണ് പാകിസ്താന് ലീഡ് നല്‍കിയത്. എന്നാല്‍, അതേ പകുതിയില്‍ത്തന്നെ ലഭിച്ച രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ഹര്‍മന്‍പ്രീത് ഗോളാക്കി മാറ്റി. 13, 19 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 

ഇന്ത്യ, പാകിസ്താന്‍, കൊറിയ ടീമുകള്‍ ഇതിനകംതന്നെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ആറ് ടീമുകളടങ്ങിയ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശം. ആദ്യ കളിയില്‍ ചൈനയെയും രണ്ടാം മത്സരത്തില്‍ ജപ്പാനെയും തകര്‍ത്ത ശേഷം ഇന്ത്യ തുടര്‍ന്നുള്ള മത്സരത്തില്‍ മലേഷ്യക്കെതിരേ 8-1ന്റെ വന്‍വിജയം നേടി. ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തില്‍ കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കും തകര്‍ത്തു. ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് സെമിയില്‍ പ്രവേശിക്കുക.