ന്യൂഡല്‍ഹി: ഉത്തേജകക്കേസില്‍ നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ രൂക്ഷമായി പ്രതികരിച്ച് ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയ. വിലക്ക് നേരിട്ടതില്‍ അദ്ഭുതമില്ലെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ വിലക്ക് പിന്‍വലിക്കുമെന്നും പുനിയ പ്രതികരിച്ചു.
'വ്യക്തിവൈരാഗ്യത്തിന്റെയും എനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെയും ഫലമാണ് ഈ നാല് വര്‍ഷത്തെ വിലക്ക്. വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ഞങ്ങള്‍ നേതൃത്വം നല്‍കിയ പോരാട്ടത്തോടുള്ള പ്രതികാരമായാണ് ഈ നടപടി. ആ പോരാട്ടത്തില്‍ ഞങ്ങള്‍ അനീതിക്കും ചൂഷണത്തിനുമെതിരെയാണ് ശബ്ദമുയര്‍ത്തിയത്.
ബിജെപി സര്‍ക്കാരും ഫെഡറേഷനും ചേര്‍ന്ന് എന്നെ കുടുക്കാനും എന്റെ കരിയര്‍ തകര്‍ക്കാനും ഗൂഢാലോചന നടത്തി. ഈ തീരുമാനം ന്യായമല്ല, മറിച്ച് എന്നെയും എന്നെപ്പോലുള്ള മറ്റ് കായികതാരങ്ങളെയും നിശബ്ദരാക്കാനുള്ള ശ്രമമാണ്.'-ബജ്‌റംഗ് പുനിയ എക്‌സില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ ഒരു വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടോക്യോ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവാണ് ബജ്റംഗ്. ബി.ജെ.പി.യുടെ മുന്‍ എം.പിയായ ബ്രിജ്ഭൂഷണിനെതിരായ ലൈംഗികപീഡന പരാതിയില്‍ ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ നേതാവുമായിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന ഗുസ്തി സെലക്ഷന്‍ ട്രയല്‍സിനിടെ സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ പുനിയയെ അന്വേഷണവിധേയമായി സസ്പെന്‍ഡുചെയ്തിരുന്നു. സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും സാംപിള്‍ എടുക്കാന്‍ കാലാവധികഴിഞ്ഞ കിറ്റുമായി വന്നതുകൊണ്ടാണ് സഹകരിക്കാതിരുന്നതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് നാലുവര്‍ഷത്തേക്ക് വിലക്കിക്കൊണ്ട് നാഡ ഉത്തരവിറക്കിയത്. താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും നാല് വര്‍ഷത്തേക്ക് വിലക്കുണ്ടായിരിക്കും. ഇത്രയും കാലം ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. വിദേശ പരിശീലനവും സ്വീകരിക്കാന്‍ കഴിയില്ല.
Content Highlights: wrestler bajrang punia on nada suspension
Published: 28 Nov 2024, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented