ഹല്‍ദ്വാനി: ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ തെയ്ക്വാന്‍ഡോ മത്സരത്തെച്ചൊല്ലി പ്രതിഷേധം. കേരളത്തില്‍നിന്ന് ഉള്‍പ്പെടെയുള്ള പരിശീലകര്‍ക്ക് മത്സര ഹാളിലേക്ക് പാസ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതേത്തുടര്‍ന്ന് കുട്ടികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ പരിശീലകര്‍ക്ക് പാസ് അനുവദിക്കുകയായിരുന്നു. 

To advertise here,

പാസ് അനുവദിക്കാത്തവരില്‍ കേരളത്തില്‍നിന്നുള്ള രണ്ട് പരിശീലകരുമുണ്ടായിരുന്നു. ഇവരുടെ രജിസ്‌ട്രേഷനിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. ഇതോടെ കേരളത്തില്‍നിന്നുള്ള രണ്ട് കുട്ടികള്‍ക്കും മത്സരിക്കാനാവാത്ത സ്ഥിതിയുണ്ടായി. തെയ്ക്വാന്‍ഡോയില്‍ പരിശീലകരില്ലാതെ കുട്ടികള്‍ക്ക് മത്സരിക്കാനാവില്ലെന്നാണ് ദേശീയ ഗെയിംസിലെ നിയമം. കുട്ടികള്‍ മത്സരിക്കുന്ന സമയത്ത് പരിശീലകര്‍ ഇവരുടെ സമീപത്തുവേണം. പരിശീലകരില്ലാത്ത മത്സരികളെ അയോഗ്യരാക്കും. 

കേരളത്തിന് പുറമേ ആതിഥേയരായ ഉത്തരാഖണ്ഡ്, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ചണ്ഡിഗഢ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പരിശീലകരുടെ രജിസ്‌ട്രേഷനിലാണ് പിഴവ് ആരോപിക്കുന്നത്. ഇതോടെ പരിശീലകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഹല്‍ദ്വാനിയിലെ ഇന്ദിരാഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ കവാടത്തിന് പുറത്ത് പ്ലക്കാഡുകളുയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു.

കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയാണ് തെയ്ക്വാന്‍ഡോ മത്സരം. കഴിഞ്ഞവര്‍ഷം ഈയിനത്തില്‍ സ്വര്‍ണമുള്‍പ്പെടെ അഞ്ച് മെഡലുകള്‍ കേരളത്തിന് ലഭിച്ചിരുന്നു. ഇത്തവണ പത്തുപേരാണ് കേരളത്തില്‍നിന്ന് മത്സരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ക്കാണ് പരിശീലകരുമായി ബന്ധപ്പെട്ട വിഷയത്തില്‍ മത്സരിക്കാനാവാത്ത സാഹചര്യമുണ്ടായിരുന്നത്.