ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പ്രിന്ററും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ദ്യുതി ചന്ദിന് നാലു വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

To advertise here,

കഴിഞ്ഞ ഡിസംബറില്‍ നാഡ ശേഖരിച്ച താരത്തിന്റെ രണ്ട് സാമ്പിളുകളിലും സെലക്ടീവ് ആന്‍ഡ്രോജന്‍ റിസെപ്റ്റര്‍ മോഡുലേറ്റേഴ്‌സിന്റെ (നിരോധിത വസ്തു) സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

2023 ജനുവരി മൂന്ന് മുതലാണ് വിലക്കിന്റെ കാലാവധി ആരംഭിക്കുന്നത്. 2027 വരെ ഇനി താരത്തിന് ദേശീയ-അന്തര്‍ ദേശീയ മത്സരങ്ങളിലൊന്നും പങ്കെടുക്കാനാകില്ല. അതേസമയം താരത്തിന് അപ്പീല്‍ നല്‍കാന്‍ 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

2018-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ വെള്ളി മെഡല്‍ നേടിയ ദ്യുതി, 100 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയുമാണ്.