തിരുവനന്തപുരം: 1.62 മീറ്റർ ഉയരം മറികടക്കാനുള്ള മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ട് സോണിയ തിരിച്ചുനടന്നത് സന്തോഷത്തോടെയായിരുന്നു. കാരണം അതിനു മുന്നേ സോണിയ സ്വർണം നേടി കഴിഞ്ഞിരുന്നു. തന്റെ നേട്ടം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അവൾ. അതിനു സാധിച്ചില്ലെങ്കിലും ആദ്യ സ്വർണം നേടാനായതിന്റെ ആഹ്ലാദം ആ മുഖത്തുണ്ടായിരുന്നു.

To advertise here,

തൃശൂർ ആർഎംഎച്ച്എസ്എസ് ആളൂരിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് സോണിയ. സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ ആണ് സോണിയ സ്വർണമണിഞ്ഞത്. 1.57 മീറ്റർ ഉയരം മറികടന്നാണ് നേട്ടം. സ്വർണം നേടാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതായും നേട്ടത്തിൽ സന്തോഷമുണ്ടെന്നും സോണിയ പറഞ്ഞു. എന്നെക്കാൾ കൂടുതൽ ആഗ്രഹം പപ്പയ്ക്കായിരുന്നു. മെഡൽ നേടി വരണമെന്നാണ് പറഞ്ഞത്. അതിന് സാധിച്ചു. ജില്ലയിൽ 1.62 മീറ്റർ ചാടിയതാണ്. പക്ഷെ ഇവിടെ അതിന് പറ്റിയില്ല. - സോണിയ പറഞ്ഞു.

കരിയറിന്റെ തുടക്കം ഹൈജമ്പ് പരിശീലിച്ചായിരുന്നില്ല. ഓട്ടമത്സരത്തിൽ ആയിരുന്നു തുടങ്ങിയത്. 100 മീറ്ററിലും 200 മീറ്ററിലും സോണിയ കുതിച്ചു പാഞ്ഞു. അതിനിടയിൽ പരിക്ക് വില്ലനായെത്തി. അതോടെ പരിശീലകൻ അരുണിന്റെ ഉപദേശം സ്വീകരിച്ച് ഹൈജമ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഹൈജമ്പിൽ മാസങ്ങളുടെ പരിശീലനം മാത്രം നടത്തിയാണ് സോണിയ സ്വർണമണിഞ്ഞത്.

സംസ്ഥാന കായികമേളയിൽ 200 മീറ്റർ ഓട്ടത്തിൽ സോണിയ വെങ്കലം നേടിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ഹൈ ജമ്പിലെ സ്വർണ്ണനേട്ടം. ഒക്ടോബർ 24-വെള്ളിയാഴ്ചയായിരുന്നു സോണിയയുടെ ജന്മദിനം. പിറന്നാൾ കഴിഞ്ഞുള്ള ആദ്യദിനമാണ് 200 മീറ്ററിൽ വെങ്കലം നേടുന്നത്. രണ്ടാം ദിനം ഹൈജമ്പിൽ സ്വർണവും. ജോസഫ്-സജിത ദമ്പതികളുടെ മകളാണ്.

നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അരുൺ പരിശീലനത്തിന് സ്‌കൂളിൽ പരിമിതമായ സൗകര്യങ്ങളെ ഉള്ളൂ എന്നും കൂട്ടിച്ചേർത്തു. അതേസമയം സ്‌കൂളിൽ കുട്ടികളില്ലാത്തതിനാൽ ജോലിയിൽനിന്ന് പുറത്തു പോകേണ്ടി വരുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.