ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെ മൂന്നാം വിവാഹം ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. പാക് നടി സന ജാവേദിനെയാണ് മാലിക്ക് വിവാഹം ചെയ്തത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു മാലിക്ക് തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മാലിക്ക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ സാനിയ മിര്‍സയും മാലിക്കും നേരത്തേ തന്നെ വിവാഹ മോചനം നേടിയിരുന്നു എന്ന് വ്യക്തമാക്കി സാനിയയുടെ കുടുംബം രംഗത്തെത്തി. ബന്ധം വേര്‍പെടുത്താനുള്ള തീരുമാനം സാനിയയുടേതായിരുന്നുവെന്നും പിതാവ് ഇമ്രാന്‍ മിര്‍സ പറഞ്ഞു.

To advertise here,

ഇപ്പോഴിതാ സാനിയയുമായി വിവാഹ ബന്ധത്തിലായിരുന്ന സമയത്തും മാലിക്ക്, സനയുടെമായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മാധ്യമം സമ ടിവി. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാലിക്കും സനയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് സമ ടിവിയുടെ പോഡ്കാസ്റ്റ് പ്രൊഡ്യൂസര്‍ പറയുന്നത്. ഇതോടൊപ്പം മാലിക്കിനെ വിവാഹം കഴിക്കുന്നതിന് മൂന്ന് മാസം മുമ്പാണ് മുന്‍ ഭര്‍ത്താവ് ഉമയ്ര്‍ ജസ്‌വാളുമായി സന വിവാഹബന്ധം വേര്‍പെടുത്തിയതെന്നും സമ ടിവിയുടെ പോഡ്കാസ്റ്റില്‍ പറയുന്നു.

ചാനലിലെ ഏതെങ്കിലും പരിപാടികള്‍ക്ക് മാലിക്കിനെ ക്ഷണിക്കുമ്പോഴെല്ലാം, സനയേയും ക്ഷണിക്കണമെന്ന വ്യവസ്ഥയില്‍ മാത്രമേ താരം വരൂ എന്നും ഈ പ്രൊഡ്യൂസര്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം ഉമയ്ര്‍ന് അറിയില്ലായിരുന്നു. സാനിയയുടെയും മാലിക്കിന്റെ കുടുംബങ്ങള്‍ പോലും ഈ ബന്ധം അറിയുന്നത് കഴിഞ്ഞ വര്‍ഷമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മാലിക്ക് ആരും പറയുന്നത് കേട്ടില്ലെന്നും സമ ടിവിയുടെ പോഡ്കാസ്റ്റ് പ്രൊഡ്യൂസര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ സന ജാവേദുമായുള്ള വിവാഹത്തിന് മാലിക്കിന്റെ കുടുംബാംഗങ്ങള്‍ ആരും തന്നെ പങ്കെടുത്തില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാലിക്കിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. 2010-ല്‍ സാനിയയെ വിവാഹം ചെയ്യുന്നതിനു മുമ്പ് 2006-ല്‍ ഇന്ത്യക്കാരിയായിരുന്ന ആയേഷ സിദ്ദിഖിയെ മാലിക്ക് വിവാഹം ചെയ്തിരുന്നു. അയേഷയുമായി ബന്ധം വേര്‍പെടുത്താതെയാണ് മാലിക്ക് സാനിയയെ വിവാഹം ചെയ്തതെന്ന് ഇരുവരുടെയും വിവാഹത്തിനു പിന്നാലെ വലിയ ചര്‍ച്ചയുമായിരുന്നു.