ലഖ്‌നൗ: പിതാവിന്റെ സംസ്കാര ചടങ്ങിൽ വികാരാധീനനായി ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ചിതയ്ക്കരികെ നിന്ന് റിങ്കു സിങ് വിതുമ്പിക്കരയുന്നതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അലിഗഢിൽ മഹുവ ഖേരയിലുള്ള ശ്മശാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.
അർബുദബാധിതനായി നോയ്ഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് മരണപ്പെടുന്നത്. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിലുള്ള റിങ്കു നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നേരത്തേ പിതാവിന്റെ അസുഖം ഗുരുതരാവസ്ഥയിലായതോടെ താരം നാട്ടിൽപ്പോകുകയും പിന്നീട് സിംബാബ്‌വേക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് ടീമിനൊപ്പം ചേരുകയുമായിരുന്നു.
അലിഗഢിൽ ഗ്യാസ് സിലിൻഡർ വിതരണക്കാരനായിരുന്നു ഖാൻചന്ദ് സിങ്. റിങ്കു ഇന്ത്യൻ താരമായതിനുശേഷവും ഗ്യാസ് സിലിൻഡർ വിതരണം നടത്തിയിരുന്ന ഖാൻചന്ദിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇന്ത്യൻ ടീമിലേക്ക് എത്തുന്നതിനുമുൻപ് റിങ്കുവും സിലിൻഡർ വിതരണം നടത്തിയിരുന്നു.
റിങ്കുവിന്റെ ക്രിക്കറ്റ് രംഗത്തേക്കുള്ള വരവിനെ ആദ്യം എതിർത്തിരുന്ന ഖാൻചന്ദ് പിന്നീട് മകന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. വിണാദേവിയാണ് ഖാൻചന്ദിന്റെ ഭാര്യ. ഖാൻചന്ദ്-വിണ ദമ്പതിമാരുടെ അഞ്ചുമക്കളിൽ മൂന്നാമനായിരുന്നു റിങ്കു. ഇന്ത്യൻ ക്യാമ്പ് വിട്ട താരം എന്ന് തിരിച്ചെത്തുമെന്ന് വ്യക്തമായിട്ടില്ല.
ഞായറാഴ്ച വെസ്റ്റ്ഇൻഡീസിനെതിരായ നിർണായക സൂപ്പർ 8 മത്സരത്തിന് മുന്നോടിയായി റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് വെസ്റ്റ്ഇൻഡീസിനെതിരായ മത്സരം.
Content Highlights: Indian cricketer Rinku Singh's father, Khanchand Singh, passed away after a battle with cancer., Rinku left the T20 World Cup squad to attend the funeral in his hometown, Aligarh., Videos of an emotional Rinku Singh at the funeral have circulated on social media., He is expected to rejoin the Indian team for the upcoming Super 8 match against West Indies.
Published: 28 Feb 2026, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented