പാരീസ്: പാരലിമ്പിക്സില്‍ തിങ്കളാഴ്ച ഇന്ത്യക്ക് ഇരട്ട സ്വര്‍ണത്തിളക്കം. ബാഡ്മിന്റണില്‍ നിതേഷ് കുമാറും ജാവലിന്‍ ത്രോയില്‍ സുമിത് ആന്റിലുമാണ് പൊന്നണിഞ്ഞത്. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ 14-ാം സ്ഥാനത്താണ്.
ജാവലിന്‍ എഫ്-64 വിഭാഗത്തില്‍ സ്വന്തം പേരിലുള്ള പാരലിമ്പിക്സ് റെക്കോഡ് തിരുത്തിയാണ് സുമിത് ആന്റില്‍ സ്വര്‍ണം നേടിയത്. രണ്ടാം റൗണ്ടിലായിരുന്നു സുമിതിന്റെ 70.59 മീറ്റര്‍ റെക്കോഡ് പ്രകടനം. ശ്രീലങ്കയുടെ ദുലന്‍ കൊടിത്തുവാക്കു വെള്ളിയും(67.03) ഓസ്ട്രേലിയയുടെ മൈക്കല്‍ ബുറിയന്‍(64.89) വെങ്കലവും നേടി.
ടോക്യോയില്‍ 68.55 മീറ്ററിലായിരുന്നു 26-കാരനായ സുമിത്തിന്റെ സ്വര്‍ണ നേട്ടം. ഈ ഇനത്തില്‍ ലോക റെക്കോഡും(73.29 ) ഹരിയാണ സ്വദേശിയായ സുമിത്തിന്റെ പേരിലാണ്. എസ്.എല്‍.-3 വിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ രണ്ടാം സീഡായ ബ്രിട്ടീഷ് താരം ഡാനിയല്‍ ബെത്ഹലിനെയാണ് ഒന്നാം സീഡായ നിതേഷ് കടുത്ത പോരാട്ടത്തില്‍ കീഴടക്കിയത്. (21-14, 18-21, 23-21). എല്‍.എല്‍.-3 വിഭാഗത്തില്‍ കാലുകള്‍ക്ക് ഗുരുതര പ്രശ്‌നങ്ങളുള്ളവരാണ് മത്സരിക്കുന്നത്. സാധാരണ കോര്‍ട്ടിന്റെ പകുതി വീതിയുള്ള കോര്‍ട്ടിലാണ് മത്സരം.

രാജസ്ഥാന്‍ സ്വദേശിയായ നിതേഷ് ഐ.ഐ.ടി. ബിരുദധാരിയാണ്. 2009-ല്‍ വിശാഖപട്ടണത്ത് തീവണ്ടിയപകടത്തില്‍ നിതേഷിന് ഇടതുകാല്‍ നഷ്ടപ്പെടുകയായിരുന്നു. അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ നിഷാദ് കുമാറും യോഗേഷ് കത്തുനിയയും തുടരെ രണ്ടാം തവണയും വെള്ളിമെഡല്‍ നേടി. ടി-47 വിഭാഗം ഹൈജംപില്‍ സീസണിലെ മികച്ച പ്രകടനത്തില്‍ 2.04 മീറ്റര്‍ ചാടിയാണ് നിഷാദ് രണ്ടാം സ്ഥാനം നേടിയത്. അമേരിക്കയുടെ ടൗണ്‍സെന്‍ഡ് റോബര്‍ട്സിനാണ് സ്വര്‍ണം. (2.08). കഴിഞ്ഞതവണ ടോക്യോയിലും നിഷാദ് വെള്ളി കരസ്ഥമാക്കിയിരുന്നു.
ഡിസ്‌കസ് ത്രോ എഫ്-56 വിഭാഗത്തില്‍ യോഗേഷ് കത്തുനിയ സീസണിലെ മികച്ച ദൂരം (42.22 മീറ്റര്‍) എറിഞ്ഞ് ടോക്യോയിലെ വെള്ളിനേട്ടം ആവര്‍ത്തിച്ചു. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റ ഗെയിംസ് റെക്കോഡോടെ സ്വര്‍ണനേട്ടത്തില്‍ ഹാട്രിക് തികച്ചു. (46.86).
വനിതകളുടെ ബാഡ്മിന്റണ്‍ എസ്.യു.-5 വിഭാഗത്തില്‍ ഇന്ത്യയുടെ തുളസിമതി മുരുകേശന് വെള്ളിയും മനീഷാ രാമദാസിന് വെങ്കലവും ലഭിച്ചു. തുളസിമതി ഫൈനലില്‍ ചൈനയുടെ സിയ ക്വുയ് യാങ്ങിനോട് തോറ്റു. (17-21, 10-21). വെങ്കലമെഡല്‍ പോരാട്ടത്തില്‍ മനീഷ ഡെന്‍മാര്‍ക്കിന്റെ കാതറിന്‍ റോസന്‍ഗ്രനെ കീഴടക്കി. (21-12, 21-8).
ബാഡ്മിന്റണ്‍ എസ്.എല്‍-4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജും വെള്ളി നേടി. ഫൈനലില്‍ ഫ്രാന്‍സിന്റെ ലുകാസ് മസൂറിനോട് സുഹാസ് കീഴടങ്ങി. (9-21, 13-21). അമ്പെയ്ത്തില്‍ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ രാകേഷ് കുമാറും ശീതള്‍ദേവിയും ചേര്‍ന്ന സഖ്യം വെങ്കലം നേടി. ഇറ്റാലിയന്‍ ടീമിനെയാണ് ലൂസേഴ്സ് ഫൈനലില്‍ ഇരുവരും കീഴടക്കിയത്. (156-155).
Content Highlights: India shines at the Paralympics with two gold medals, one in badminton by Nitesh Kumar
Published: 03 Sept 2024, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented