മയാമി: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ മെസ്സിക്ക് മയാമിയിലുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്ക്. അർജന്റീനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ജനുവരി ആദ്യവാരം നടത്താനിരുന്ന മരിയയുടെ വിവാഹവും മാറ്റിവെച്ചിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് മരിയ.

To advertise here,

റിപ്പോർട്ടുകൾ പ്രകാരം 32-കാരിയായ മരിയയുടെ പരിക്കുകൾ ഗുരുതരമാണ്. നട്ടെല്ലിന് ഒടിവ് സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ഉപ്പൂറ്റിക്കും കൈത്തണ്ടയ്ക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മരിയ അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാൽ പരിക്കുകൾ ഭേദമാകാൻ നീണ്ട സമയമെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മരിയ ഓടിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇന്റർ മയാമിയുടെ അണ്ടർ-19 ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായ ജൂലിൻ തുലിയാണ് മരിയ സോളിന്റെ പ്രതിശ്രുത വരൻ. ജനുവരി മൂന്നിന് റൊസാരിയോയിൽവെച്ചായിരുന്നു മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മെസ്സിയുടെയും ഭാര്യ ആന്റോണെല്ല റക്കൂസോയുടെയും വിവാഹവും 2017-ൽ റൊസാരിയോയിൽവെച്ചായിരുന്നു.