ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ താരമാണ് ഹരിയാണ സ്വദേശി മനു ഭാക്കര്‍. പാരീസിലെ ഇന്ത്യയുടെ ആകെയുള്ള ആറ് ഒളിമ്പിക്‌സ് മെഡലില്‍ രണ്ടും നേടിയത് മനു ഭാക്കറാണ്. ഒളിമ്പിക്‌സ് അവസാനിച്ചതിനു പിന്നാലെ നാട്ടിലെത്തിയ താരത്തിന് വലിയ സ്വീകരണങ്ങളാണ് ലഭിച്ചത്. ഹരിയാണ സര്‍ക്കാര്‍ അഞ്ചുകോടി രൂപ പാരിതോഷികം നല്‍കി. 

To advertise here,

എന്നാല്‍, ഒരഭിമുഖത്തില്‍ മനു ഭാക്കര്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഒരുദിവസം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ ആരാണെന്നായിരുന്നു ചോദ്യം. ജമൈക്കയുടെ സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് താരം മറുപടിയായി നല്‍കിയത്. ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മഹേന്ദ്രസിങ് ധോനി, വിരാട് കോലി എന്നിവരെയും തിരഞ്ഞെടുത്തു. 

'എന്റെ പ്രിയപ്പെട്ടവയില്‍ ചില പേരുകള്‍ ഞാന്‍ പറയാം. ഉസൈന്‍ ബോള്‍ട്ട് അവരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ പുസ്തകം പലതവണ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യാത്രകള്‍ എനിക്കറിയാം. അദ്ദേഹത്തിന്റെ നിരവധി അഭിമുഖങ്ങളും കണ്ടിട്ടുണ്ട്. പിന്നെ, ഇന്ത്യയില്‍ ക്രിക്കറ്റര്‍മാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ധോനി സാര്‍, വിരാട് കോലി എന്നിവരാണ്. അവരില്‍ ആരുമായും ഒരുമണിക്കൂറെങ്കിലും ചെലവിടാനാവുക എന്നത് അഭിമാനകരമാണ്', മനു ഭാക്കര്‍ പറഞ്ഞു. അതേസമയം, നീരജ് ചോപ്രയുമായി വലിയ സൗഹൃദം പുലര്‍ത്തുന്ന മനു, അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചില്ല.