കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരണത്തിലെ കള്ളക്കളി തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. സ്‌പോൺസർ സ്‌റ്റേഡിയം തിരികെ കൈമാറിയത് നിർമാണ ജോലികൾ പൂർത്തിയാക്കാതെയാണെന്നാണ് വിവരാവകാശ രേഖ.
സ്റ്റേഡിയം നവീകരണ ജോലികൾ പൂർത്തിയാക്കാതെയാണ് സ്‌പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അത് തിരികെ കൈമാറിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഫെബ്രുവരി 19-ന് മാതൃഭൂമി ന്യൂസിന് ലഭിച്ച ഈ രേഖ പ്രകാരം, നിർമാണ ജോലികൾ പൂർത്തിയായിട്ടില്ലെന്ന് ജിസിഡിഎ (ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി) ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
എന്നാൽ നിർദേശിച്ച എല്ലാ ജോലികളും പൂർത്തിയാക്കിയാണ് സ്റ്റേഡിയം കൈമാറിയതെന്നാണ് സ്‌പോൺസർ അവകാശപ്പെടുന്നത്. ചില ഭാഗങ്ങളിൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാൽ ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങളെയാകാം ജിസിഡിഎ പൂർത്തിയാകാത്ത ജോലികൾ എന്ന് വിളിക്കുന്നതെന്നാണ് അവരുടെ വിശദീകരണം.
കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള സെന്റ് ആൽബർട്‌സ് കോളേജ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട ഭൂമി കയ്യേറ്റ ആരോപണത്തെത്തുടർന്ന് കോളേജ് അധികൃതർ കോടതിയെ സമീപിക്കുകയും മതിൽ നിർമാണത്തിന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതാണ് മതിൽ നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിന് കാരണമായി സ്‌പോൺസർ പറയുന്നത്.
ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലിയും ബാക്കിയുണ്ടെന്ന് ജിസിഡിഎയുടെ മറുപടിയിലുണ്ട്. എന്നാൽ ലൈറ്റുകൾ വാങ്ങി വെച്ചിട്ടുണ്ടെന്നും, മഴയും വെയിലുമേറ്റ് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മത്സരത്തിന് തൊട്ടുമുമ്പ് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത് സ്ഥാപിക്കുമെന്നുമാണ് സ്‌പോൺസർമാരുടെ പക്ഷം.
സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ഏതാണ്ട് ലഭിച്ചു എന്ന് സ്‌പോൺസർമാർ പറയുമ്പോൾ, ഇത് സംബന്ധിച്ച പരിശോധനകളൊന്നും നടന്നിട്ടില്ലെന്നാണ് ജിസിഡിഎ നൽകിയ രേഖയിൽ നിന്ന് വ്യക്തമാകുന്നത്. അംഗീകാരത്തിനായി ഫിഫയുടെ അനുമതി തേടേണ്ടത് ആരാണെന്ന കാര്യത്തിലും നിലവിൽ അവ്യക്തതയുണ്ട്. അതേസമയം നവീകരണ പ്രവർത്തനങ്ങളുടെ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചപ്പോൾ, അത് തങ്ങൾക്ക് ബാധകമായ ഒന്നല്ല എന്ന മറുപടിയാണ് ജിസിഡിഎ നൽകിയത്.
ചുരുക്കത്തിൽ, സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണെന്ന് സ്‌പോൺസർമാർ അവകാശപ്പെടുമ്പോഴും, നിർമാണ പ്രവർത്തനങ്ങളും നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎയും സ്‌പോൺസർമാരും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.
അർജന്റീനയുടെ ഫുട്‌ബോൾ മത്സരവുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലെ കലൂർ രാജ്യാന്തര സ്റ്റേഡിയം സ്‌പോൺസർക്ക് ജിസിഡിഎ വിട്ടുനൽകിയത്. ഇതു സംബന്ധിച്ച് നേരത്തേ തന്നെ വിവിധ ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. ഒരു കരാറും ഇല്ലാതെയാണ് സ്‌പോൺസർക്ക് സ്റ്റേഡിയം വിട്ടുനൽകി കോടികൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ ചെയ്തിരിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ആദ്യം ഉയർന്നത്.
കലൂർ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള പൊതുമുതലാണ്. ഇത് ആർക്കെങ്കിലും കൈമാറണമെങ്കിൽ കൃത്യമായ കരാറുകളും വ്യവസ്ഥകളും വാടകയും നിശ്ചയിക്കണം. വാടക ഒഴിവാക്കി കൊടുക്കണമെങ്കിൽ പോലും തദ്ദേശ ഭരണ വകുപ്പിന്റെ തീരുമാനം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ ഒന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ആരോപണം.
കരാറില്ലാത്ത സാഹചര്യത്തിലും സ്റ്റേഡിയത്തിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് സ്‌പോൺസർ നടത്തിക്കൊണ്ടിരുന്നത്. കലൂർ സ്റ്റേഡിയത്തിന്റെ പിച്ച് ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളും പുതുക്കിപ്പണിയുകയായിരുന്നു.
Content Highlights: RTI reveals Kochi`s Kaloor Stadium handed over unfinished. GCDA disputes sponsor`s claims of completion. Uncover the truth behind the renovation.
Published: 30 Jan 2026, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented