
കൊച്ചി: പ്രഥമ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന് ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ ആശങ്കതീരാതെ മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മാണം. കൃത്യസമയത്ത് പൂര്‍ത്തിയായില്ലെങ്കില്‍ നവംബര്‍ നാലിന് ആരംഭിക്കേണ്ട സ്‌കൂള്‍ ഒളിമ്പിക്സിന് ഇത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുന്നത്.
സ്‌കൂള്‍ ഒളിമ്പിക്സ് ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് മത്സരങ്ങള്‍ മഹാരാജാസ് കോളേജ് മൈതാനത്താണ് നടക്കുന്നത്. ഇതിനുവേണ്ടിയാണ് സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മാണം നടത്തുന്നത്. ട്രാക്ക് നിര്‍മാണത്തിന്റെ രണ്ടാം ലെയര്‍ ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായശേഷം അവസാന ലെയര്‍ ജോലിയിലേക്ക് കടക്കണം. അതിനുശേഷം മാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ജോലികളും തീര്‍ക്കണം.
ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോര്‍ട്‌സ് എന്ന കമ്പനിയാണ് ട്രാക്ക് പുനര്‍നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 5.48 കോടി രൂപ മുതല്‍മുടക്കിലാണ് പുനര്‍നിര്‍മാണം നടക്കുന്നത്. 20 തൊഴിലാളികളും 10 സാങ്കേതികവിദഗ്ധരും അടക്കം 30 പേരാണ് പ്രതിദിനം ഇതില്‍ പങ്കാളികളാകുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മാണജോലികള്‍ തുടങ്ങിയത്. നിലവിലുണ്ടായിരുന്ന സിന്തറ്റിക് ട്രാക്ക് പൂര്‍ണമായും പൊളിച്ചുമാറ്റി. ഇതിനിടയില്‍ ഗ്രൗണ്ടിലെ ചുറ്റുവേലിനിര്‍മാണം അടക്കമുള്ള ജോലികളും ചെയ്തുകൊണ്ടിരുന്നു.
ആദ്യ ലെയറിനുശേഷം റബ്ബറിന്റെ ആവരണം ഇടുന്നതിനാല്‍ മഴവെള്ളം താഴേക്കിറങ്ങില്ലെന്നാണ് പ്രോജക്ട് എന്‍ജിനിയര്‍ നൗഫല്‍ സൈനുദ്ദീന്‍ പറഞ്ഞത്. മഴ തുടര്‍ച്ചയായി പെയ്താല്‍ ട്രാക്ക് ഉണങ്ങാത്തത് പ്രശ്‌നമായേക്കും. മഴ തുടരുന്നത് മാര്‍ക്കിങ് ജോലികളിലും തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കടമ്പയായി മഴ
സിന്തറ്റിക് ട്രാക്ക് നിര്‍മാണം ഒക്ടോബര്‍ 30-നകം പൂര്‍ത്തിയാക്കി സംഘാടകര്‍ക്ക് കൈമാറാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവൃത്തികള്‍ മുന്നോട്ടുപോയത്. എന്നാല്‍, മഴ വില്ലനായതോടെ പ്രതിസന്ധിയിലായ പുനര്‍നിര്‍മാണജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. നിശ്ചിതതീയതിക്കകം തീര്‍ക്കാനാകുമോയെന്ന ആശങ്ക കായികമേളയുടെ സംഘാടകരും മറച്ചുവെക്കുന്നില്ല. ഓരോ ലെയര്‍ പൂര്‍ത്തിയായശേഷവും നല്ല വെയില്‍ ലഭിച്ച് ഉണങ്ങിയാല്‍ മാത്രമേ ട്രാക്ക് നല്ലനിലയില്‍ പണിയാനാകൂ.
Content Highlights: The reconstruction of the synthetic track at Maharaja`s College in Kochi is facing delays
Published: 19 Oct 2024, 07:26 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented