
സീനിയർ ഗേൾസ് 200 മീറ്റർ ഓട്ടത്തിൽ ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്യുന്ന കോഴിക്കോട് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് എച്ച്എസിലെ ജ്യോതി ഉപാധ്യയും (ഇടത്ത്) മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യാ അജിയും
തിരുവനന്തപുരം: ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ഫോട്ടോഫിനിഷ് പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ ജ്യോതി കാത്തുനിന്നു. അവള് തന്നെ ജേതാവെന്ന് ഉറപ്പിച്ച് ചിത്രം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റുംകൂടി. സ്ക്രീനില്‍ നോക്കി ഫലംവരട്ടെയെന്ന് അവള് ആംഗ്യംകാണിക്കുന്നുണ്ടായിരുന്നു. പിന്നാലെ ഫലം വന്നു. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് ജ്യോതിക്ക് കൊതിച്ച സ്വര്‍ണം നഷ്ടം.
'അവസാന സെക്കന്ഡുകളില് അപ്രതീക്ഷിത തിരിച്ചടി പ്രതീക്ഷിച്ചില്ല...ഞെട്ടിക്കുന്ന പ്രകടനമാണ് ജ്യോതി പുറത്തെടുത്തത്' -സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം നേടി ട്രിപ്പിള്‍ പൂര്‍ത്തിയാക്കിയ ആദിത്യ അജിയുടെ ഈ വാക്കുകള്‍ മതി ജ്യോതി ഉപാധ്യ എന്ന ഉത്തര്‍പ്രദേശുകാരി ആരാണെന്ന് മനസിലാക്കാന്‍. മീറ്റിലെ വേഗറാണി ആദിത്യയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച പരീക്ഷണം. 100 മീറ്ററിലും വെള്ളി മെഡലോടെയാണ് ജ്യോതി വരവറിയിച്ചത്.
24.75 സെക്കന്‍ഡിന് ആദിത്യ സ്വര്‍ണം നേടിയപ്പോള്‍ 24.76 സെക്കന്‍ഡില്‍ ജ്യോതി രണ്ടാമതായി. കോഴിക്കോട് പുല്ലൂരംപാറ സെയ്ന്റ് ജോസഫ് എച്ച്എസ്എസിലെ ജ്യോതിയെന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കേരളം നല്‍കിയത് ജീവിതം കൂടിയാണ്. ട്രാക്ക് സ്വപ്നം കണ്ട പെണ്‍കുട്ടി കേരളത്തിലെത്തിയതിന് പിന്നിലെ കഥയില്‍ ട്വിസ്റ്റുകള്‍ ഏറെയുണ്ട്.
ഉത്തര്‍പ്രദേശിലെ വാരണാസിലെ കുസി എന്ന ഗ്രാമത്തില്‍ ജനിച്ച അവളുടെ കുട്ടിക്കാലം ഒട്ടുംനല്ലതായിരുന്നില്ല. മാതാപിതാക്കളായ അവധ് നാരായണന് ഉപാധിയും പുഷ്പയും കൃഷി ചെയ്ത് കുടുംബം പോറ്റുന്നവര്‍. ചെറുപ്പംമുതലേ ജ്യോതിക്ക് കായിക താരമാകണമെന്ന ആഗ്രഹം മാത്രമായിരുന്നു. എന്നാല്‍ അതിനുള്ള സാമ്പത്തികമോ സാഹചര്യമോ ആലോചിക്കാന്‍ പോലുമാകില്ല. പലപ്പോഴും സ്കൂളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതി. സ്കൂളില്‍ പോയാല്‍ മത്സരങ്ങളില്‍ പങ്കെടുക്കാമെന്ന ചിന്ത വീണ്ടും അവള്‍ക്കുണ്ടായിരുന്നു.
വീണ്ടും സാമ്പത്തിക ബാധ്യതയില്‍ പഠനം മുടങ്ങി. സ്കൂളെന്ന അഞ്ചാം ക്ലാസില്‍ അവസാനിച്ച ജ്യോതിക്ക് കായിക താരമാകാന്‍ വേണ്ട സാധ്യതകളെല്ലാം അടഞ്ഞു. പിന്നെ അവളുടെ മുന്നിലുള്ളത് വിവാഹമാണ്. തന്റെ ഗ്രാമത്തില്‍ അങ്ങനെയാണ് അതില്‍ നിന്ന് ജ്യോതിക്കും ഒഴിഞ്ഞു നില്ക്കാന് കഴിയാത്ത അവസ്ഥ. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹം കഴിക്കണമെന്ന വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങാന്‍ അവള് തയ്യാറായില്ല. പിടിവള്ളി പോലെ കായിക താരമാകണമെന്ന ആഗ്രഹത്തിന് കൂട്ടായി പരിശീലകന് സന്തോഷ് ചൗധരി കൂട്ടായി നിന്നു. ജ്യോതിയുടെ പ്രതിഭ മനസിലാക്കിയ അദ്ദേഹം പുല്ലൂരാംപാറയിലെ പരിശീകനായ അനന്തുവിനെ സമീപിച്ചു. ഓട്ടത്തിലെ അഭിരുചി മുന്‍നിര്‍ത്തി സെലക്ഷന് ട്രയല്‍സില്‍ പങ്കെടുത്തു. അങ്ങനെയാണ് കായിക കേരളത്തിന്റെ വിരുന്നുകാരിയായി ജ്യോതി വരുന്നത്. ട്രാക്കിനു വേണ്ട ശരീരഘടനയും ആത്മവിശ്വാസവും കൂടിയായതോടെ ജ്യോതിയെന്ന വേഗറാണി പുനര്‍ജനിക്കുകയായിരുന്നു. തിരുവനന്തപുരം ഒരു തുടക്കം മാത്രമാണ്. ട്രാക്കില്‍ തീകോരിയിട്ട് കുതിക്കാന്‍ വേണ്ടിയുള്ള ഇന്ധനം. ഈ ആത്മവിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും മുന്നില്‍ റെക്കോഡുകളുടെ കണക്കുപുസ്തകം തിരുത്തിയെഴുതപ്പെടും എന്നതില്‍ സംശയമില്ല.
Content Highlights: From UP to Kerala, Jyothi chases her track dreams. Overcoming hardship, she finds hope and makes her mark on the athletics field. A true story of perseverance.
Published: 26 Oct 2025, 05:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented