പേരാവൂര്‍ (കണ്ണൂര്‍): കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 35-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ലോങ് ജമ്പ് താരം ഒളിമ്പ്യന്‍ എം. ശ്രീശങ്കര്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുമുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

To advertise here,

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ലാണ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2020 ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ശ്രീശങ്കര്‍ 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയതോടെയാണ് അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്. 2023-ലെ ഏഷ്യന്‍ ഗെയിംസിലും, ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും വെള്ളിമെഡല്‍, പാരീസ് ഡയമണ്ട് ലീഗില്‍ വെങ്കലം, 2022-ലും 2023-ലും ഏഥന്‍സില്‍ നടന്ന ഇന്റര്‍നാഷണല്‍ ജമ്പ്‌സ് മീറ്റില്‍ സ്വര്‍ണം - അന്താരാഷ്ട്ര രംഗത്ത് ശ്രീശങ്കറിന്റെ നേട്ടങ്ങള്‍ ഇവയൊക്കെയാണ്.

ഈ വര്‍ഷം നടന്ന ഡയമണ്ട് ലീഗിന്റെ ഫൈനലില്‍ മത്സരിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടുവര്‍ഷം ദേശീയ ചാമ്പ്യനായ ശ്രീശങ്കറിന്റെ മികച്ച ദൂരം 8.41 മീറ്റര്‍. 2023-ല്‍ ജി.വി. രാജ അവാര്‍ഡ് കരസ്ഥമാക്കി. പിതാവ് എസ്. മുരളി ആണ് പരിശീലകന്‍. മാതാവ് ബിജിമോള്‍. ഇരുവരും മുന്‍ രാജ്യാന്തര അത്‌ലറ്റുകള്‍. പാലക്കാട് സ്വദേശിയായ ശ്രീശങ്കര്‍ റിസര്‍വ് ബാങ്കിന്റ തിരുവനന്തപുരം ശാഖയില്‍ ഉദ്യോഗസ്ഥനാണ്. ഡിസംബര്‍ രണ്ടിന് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ അനുസ്മരണ മീറ്റിങ് നടക്കും. ഡിസംബര്‍ 22-ന് ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീശങ്കറിന് അവാര്‍ഡ് സമ്മാനിക്കും.