ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും പാകിസ്താന്റെ ലോകകപ്പ് ജേതാവുമായ ഇമ്രാൻ ഖാന് മാനുഷിക പരിഗണനയും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് സർക്കാരിന് കത്തയച്ച് കപിൽ ദേവും സുനിൽ ഗാവസ്‌കറും ഉൾപ്പെടെയുള്ള ലോക ക്രിക്കറ്റിലെ മുൻ ക്യാപ്റ്റൻമാർ. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ലോക ക്രിക്കറ്റിലെ 14 മുൻ ക്യാപ്റ്റന്മാർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സംയുക്ത പ്രസ്താവന കൈമാറിയിരിക്കുന്നത്.

To advertise here,

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ കാഴ്ചശക്തി ഗണ്യമായി കുറയുന്നു എന്ന റിപ്പോർട്ടുകളിൽ ക്യാപ്റ്റൻമാർ ആശങ്ക രേഖപ്പെടുത്തി. തന്റെ വലത് കണ്ണിലെ കാഴ്ച ഏകദേശം 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി ഇമ്രാൻ ഖാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

ഇമ്രാൻ ഖാന് വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സ ഉറപ്പാക്കുക, കുടുംബാംഗങ്ങളെ സന്ദർശിക്കാൻ അനുവദിക്കുക, കൃത്യമായ നിയമസഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രസ്താവനയിലെ ആവശ്യം. രാഷ്ട്രീയ വ്യത്യാസങ്ങൾ എന്തുതന്നെയായാലും അദ്ദേഹത്തിന് മാനുഷിക പരിഗണന നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു.

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലാണ് മുൻ കളിക്കാരെ ഒന്നിച്ചു ചേർത്ത് കത്ത് തയ്യാറാക്കിയത്. ഇന്ത്യൻ താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്‌കർ എന്നിവർക്ക് പുറമെ ഇയാൻ ചാപ്പൽ, അലൻ ബോർഡർ, സ്റ്റീവ് വോ, കിം ഹ്യൂസ്, ബെലിൻഡ ക്ലർക്ക്, ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ ആതർട്ടൺ, നാസർ ഹുസൈൻ, ഡേവിഡ് ഗവർ, മൈക്കൽ ബ്രിയർലി, വിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് ന്യൂസീലൻഡ് മുൻ താരം ജോൺ റൈറ്റ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

2018 മുതൽ 2022 വരെ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ, 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുകയാണ്. രാഷ്ട്രീയ പ്രേരിതമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന നിരവധി കേസുകൾ ഇദ്ദേഹത്തിനെതിരേ നിലവിലുണ്ട്. 73 വയസ്സുകാരനായ ഇമ്രാൻ ഖാനെ പരിശോധിക്കാൻ സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.