ന്യൂഡല്‍ഹി: ചെസ് മത്സരത്തിനിടെ കാണികളില്‍നിന്ന് ലൈംഗികത നിറഞ്ഞ പെരുമാറ്റം നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞ് ഇന്ത്യന്‍ ചെസ് താരം ദിവ്യ ദേശ്മുഖ്. കളിയെ നോക്കിക്കാണുന്നതിനു പകരം വസ്ത്രം, മുടി, സംസാരശൈലി എന്നിവയിലാണ് കാണികളുടെ ശ്രദ്ധയെന്ന് താരം തുറന്നടിച്ചു. അടുത്തിടെ നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സിനിടെ നേരിട്ട അനുഭവത്തെപ്പറ്റിയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

To advertise here,

വനിതാ താരങ്ങള്‍ പതിവായി നേരിടുന്ന സ്ത്രീവിരുദ്ധത നിറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ദീര്‍ഘമായ പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നു ദിവ്യ ദേശ്മുഖ്. ചെസ്സിലെ സ്ത്രീകളെ കാണികള്‍ നിസ്സാരമായി കാണുന്നതു സംബന്ധിച്ചും പതിനെട്ടുകാരിയായ ഏഷ്യന്‍ ചാമ്പ്യന്‍ വ്യക്തമാക്കി. 

ടൂര്‍ണമെന്റ് അവസാനിക്കാനിരിക്കുകയായിരുന്നു, ഞാനിത് പറയാന്‍. ചെസ്സിലെ സ്ത്രീകളെ പലപ്പോഴും നിസ്സാരമായാണ് കാണികള്‍ കാണുന്നത്. വ്യക്തിഗത തലത്തില്‍ അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഈ ടൂര്‍ണമെന്റിലാണ്. ചില മികച്ച ഗെയിമുകള്‍ ടൂര്‍ണമെന്റില്‍ കളിച്ചു. അവയില്‍ അഭിമാനിക്കുന്നു. എന്റെ വസ്ത്രം, മുടി, സംസാരം തുടങ്ങിയുള്ള അപ്രസക്തമായ കാര്യങ്ങളിലാണ് കാണികളുടെ ശ്രദ്ധ, ദിവ്യ പറഞ്ഞു. 

പുരുഷന്മാരെ, അവരുടെ കളിയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുക. എന്നാല്‍ സ്ത്രീകളെ, ചെസ് ബോര്‍ഡില്‍ അവരുടെ കളിയുമായി ഒരു ബന്ധവുമില്ലാത്ത വശങ്ങള്‍വെച്ചാണ് വിലയിരുത്തുക. തന്റെതായി വരുന്ന അഭിമുഖങ്ങളില്‍ ഗെയിമിനെക്കുറിച്ചല്ലാതെ പറയുന്ന കാര്യങ്ങളെയാണ് ആളുകള്‍ കൂടുതൽ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ഗെയിം സംബന്ധിച്ച പറച്ചിലുകള്‍ വളരെ കുറച്ചുപേര്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും ദിവ്യ ദേശ്മുഖ് വ്യക്തമാക്കി. 

കായികരംഗത്ത് സ്ത്രീയുടെ ശമ്പള സ്‌കെയിലില്‍ മാത്രമാണ് പുരോഗതിയുണ്ടായിട്ടുള്ളത്. വസ്ത്രം സംബന്ധിച്ചും ലൈംഗികപരമായുമുള്ള സമീപനങ്ങള്‍ക്ക് കുറവില്ല. വനിതാ താരങ്ങള്‍ക്ക് പൊതുവേ, അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല. എന്നാല്‍, പുരുഷ താരങ്ങള്‍ക്ക് ഈ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നില്ല. സ്ത്രീകള്‍ക്ക് ഇവ ദിവസേന അഭിമുഖീകരിക്കേണ്ടിവരുന്നുവെന്നും അവര്‍ വ്യക്തമാക്കി.