മിലാൻ: കരിയറിൽ പുതിയ റെക്കോഡുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മിലാൻ ക്ലബ്ബുകളായ ഇന്റർ മിലാനും എസി മിലാനും വേണ്ടി 50 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് 38-കാരനായ സ്ലാട്ടൻ സ്വന്തമാക്കിയത്.

To advertise here,

കഴിഞ്ഞ ദിവസം സാംപ്ഡൊറിയക്കെതിരേ എസി മിലാൻ 4-1 ന് ജയിച്ച മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടെ ക്ലബ്ബിനായുള്ള സ്ലാട്ടന്റെ ഗോൾ നേട്ടം 50 ആയി. ജനുവരിയിൽ വീണ്ടും എസി മിലാനിൽ എത്തിയ ശേഷം അദ്ദേഹത്തിന്റെ ഗോൾ നേട്ടം എട്ടായി.

2010-11 സീസണിൽ ആദ്യമായി എസി മിലാനിൽ എത്തിയ സ്ലാട്ടൻ 61 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിരുന്നു.

2006 മുതൽ 2009 വരെ ഇന്ററിനായി കളിച്ച താരം ക്ലബ്ബിനായി 57 ഗോളുകളും നേടി. കരിയറിൽ അയാക്സ്, യുവെന്റസ്, ബാഴ്സലോണ, പി.എസ.്ജി, മാഞ്ചെസ്റ്റർ യുണൈറ്റഡ്, എൽ.എ ഗാലക്സി ടൂമുകൾക്കായും കളിച്ച സ്ലാട്ടൻ 934 മത്സരങ്ങളിൽ നിന്ന് 552 ഗോളുകൾ നേടിയിട്ടുണ്ട്.

നിലവിൽ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസ്സിയുമാണ് ഇക്കാര്യത്തിൽ സ്ലാട്ടന് മുന്നിലുള്ളത്.

Content Highlights: Zlatan Ibrahimovic sets new record with 50th Milan goal