വാഷിങ്ടൺ: ലോകകപ്പ് ഗ്രൂപ്പ് ജി-യിലെ അവസാനഘട്ട മത്സരങ്ങൾ ഫുട്‌ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ആവേശംനിറഞ്ഞ നാടകീയ നിമിഷങ്ങൾ. അവസാന നിമിഷംവരെ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഈജിപ്തും ബെൽജിയവും തമ്മിൽ നടത്തിയ പോരാട്ടത്തിനൊടുവിൽ ബെൽജിയം ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായി നോക്കൗട്ട് കടന്നു. ന്യൂസീലൻഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക് തകർത്താണ് ബെൽജിയം ഗ്രൂപ്പ് തലപ്പത്തേക്ക് കുതിച്ചത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു ആവേശപ്പോരാട്ടത്തിൽ ഇറാനെതിരേ ഈജിപ്ത് 1-1 ന് സമനിലയിൽ പിരിഞ്ഞതോടെ, ഈജിപ്തിന് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മത്സരഫലങ്ങളോടെ ന്യൂസീലൻഡ് ടൂർണമെന്റിൽനിന്ന് പുറത്തായപ്പോൾ, ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

To advertise here,

ബെൽജിയത്തിന്റെ കുതിപ്പ്

തുടക്കം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തിയ ബെൽജിയത്തിനായി 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡാണ് ഗോൾ നേടിയത്. കെവിൻ ഡി ബ്രൂയ്നെ എടുത്ത കോർണർ കിക്ക് പ്രതിരോധിക്കുന്നതിൽ ന്യൂസീലൻഡ് വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. രണ്ടാംപകുതിയിൽ ബെൽജിയം പൂർണമായും കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കി. ട്രൊസാർഡ് തന്റെ രണ്ടാം ഗോളും കണ്ടെത്തിയപ്പോൾ സൂപ്പർ താരം കെവിൻ ഡി ബ്രൂയ്‌നെ, പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കു, അലക്‌സിസ് സെയ്ൽമേക്കേഴ്‌സ് എന്നിവരും ബെൽജിയത്തിനായി വലകുലുക്കി. ഇതിനിടയിൽ എലിജാ ജസ്റ്റിലൂടെ ന്യൂസീലൻഡ് ഒരു ഗോൾ മടക്കി. ഈ വൻ വിജയം ഗോൾ വ്യത്യാസത്തിൽ ഈജിപ്തിനെ മറികടന്ന് ബെൽജിയത്തിന് ഗ്രൂപ്പിൽ ഒന്നാംസ്ഥാനം സമ്മാനിച്ചു.

ഈജിപ്തിനെ തളച്ച് ഇറാൻ

ഇറാൻ - ഈജിപ്ത് മത്സരത്തിൽ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അഞ്ചാം മിനിറ്റിൽതന്നെ സാബറിലൂടെ ഈജിപ്ത് ആദ്യം മുന്നിലെത്തി. മുഹമ്മദ് സലായുടെ ഷോട്ട് ഇറാൻ ഗോൾകീപ്പർ ബെയ്റാൻവന്ദ് തടുത്തെങ്കിലും റീബൗണ്ടിലൂടെ സാബർ പന്ത് വലയിലാക്കുകയായിരുന്നു. എന്നാൽ, ഒൻപതാം മിനിറ്റിൽ ഇറാനുകൂലമായി ലഭിച്ച പെനാൽറ്റി തടഞ്ഞ് ഈജിപ്ത് ഗോൾകീപ്പർ ഷൊബൈർ തിളങ്ങി. മെഹ്ദി തരിമിയാണ് കിക്കെടുത്തത്. എങ്കിലും ഇറാൻ 14-ാം മിനിറ്റിൽ റെസായ്യനിലൂടെ സമനില ഗോൾ കണ്ടെത്തി. തുടർന്ന് ഇരുടീമുകളും കടുത്ത ഫൗളുകളിലൂടെയും ആക്രമാണാത്മക നീക്കങ്ങളിലൂടെയും മുന്നേറിയെങ്കിലും ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. കളി അവസാന നിമിഷങ്ങളിലേക്ക് കടക്കവെ ഇറാന്റെ ഖലീൽസാദെ നേടിയ ഗോൾ വാർ പരിശോധനയിലൂടെ ഓഫ്സൈഡാണെന്ന് വിധിച്ചു.

മത്സരങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് ലൈവ് പോയിന്റ് ടേബിളിൽ സ്ഥാനങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ ബെൽജിയം മൂന്ന് ഗോളുകൾക്ക് മുന്നിലായപ്പോൾ അവർ ഒന്നാം സ്ഥാനത്തേക്ക് കയറിയെങ്കിലും, ന്യൂസീലൻഡ് ഗോൾ മടക്കിയതോടെ ഈജിപ്ത് വീണ്ടും ഒന്നാമതെത്തി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ ലുക്കാക്കു ഗോൾ നേടിയതോടെ ബെൽജിയം ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ഒടുവിൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ 5 പോയിന്റുമായി ബെൽജിയം ഒന്നാമതും, അത്രയുംതന്നെ പോയിന്റുള്ള ഈജിപ്ത് ഗോൾ വ്യത്യാസത്തിൽ രണ്ടാമതുമായി നോക്കൗട്ട് കടന്നു. ഇറാൻ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്.