മെസ്സിയെപ്പോലൊരു ഇതിഹാസതാരം ഇനി ഉണ്ടാകുമോ എന്നത് സംശയമാണെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി.പി ഷാജി. താൻ മെസ്സിയുടെയും അർജന്റീനയുടെയും ആരാധകനാണെന്നും മെസ്സിക്ക് ദേശീയ ടീമിൽ ഇനിയൊന്നും നേടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ലയണൽ മെസ്സിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ മാതൃഭൂമി ‍ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

‘ഫുട്ബോളിൽ പുതിയ താരങ്ങൾ ഉയർന്നുവരുമെങ്കിലും മെസ്സിയെപ്പോലൊരു താരം ഇനി ഉണ്ടാകുമോ എന്നത് കണ്ടറിയണം. ലോകകപ്പ് കിരീടം നേടിയതോടെ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ ഇനി കാര്യമായൊന്നും നേടാനില്ല. പിതാവിന്റെ വിയോഗം മെസ്സിയെ മാനസികമായി തളർത്തിയിട്ടുണ്ട്. വിരമിക്കൽ തീരുമാനം വേഗത്തിലായതിൽ അതും ഒരു കാരണമാകാം’, വി.പി. ഷാജി പറഞ്ഞു.

‘മെസ്സിയെപ്പോലൊരു താരം ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഫുട്ബോളിൽ കാലമെത്ര കഴിഞ്ഞാലും മായ്ച്ചുകളയാൻ പറ്റാത്ത ഒരു പേരാണ് ലയണൽ മെസ്സി. ഫുട്ബോളിന്റെ മാസ്മരിക സൗന്ദര്യവും സ്കില്ലും കാണിച്ചുതന്ന് ഫുട്ബോളിനെ ഇത്രത്തോളം മനോഹരമാക്കിയ താരമാണ് അദ്ദേഹം. ലോകകപ്പും കോപ്പ അമേരിക്കയും ബാലൺദ്യോറും ഉൾപ്പെടെ ഒരു ഫുട്ബോൾതാരത്തിന് നേടാവുന്നതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ അദ്ദേഹം എത്തിക്കഴിഞ്ഞു. മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ ഇനിയൊന്നും നേടാനില്ല.’

‘കഴിഞ്ഞ 21 വർഷമായിട്ട് ഫുട്ബോളിന്റെ മാസ്മരിക സൗന്ദര്യവും സ്കില്ലും എല്ലാം കാണിച്ചുവന്ന് ഫുട്ബോളിനെ ഇത്രത്തോളം മനോഹരമാക്കിയ ഒരു താരം ദേശീയ ടീമിൽനിന്ന് വിരമിക്കുന്നു എന്ന് കേൾക്കുമ്പോൾ വിഷമമുണ്ട്. മറഡോണ വന്ന സമയംതൊട്ട് തുടങ്ങിയ ഇഷ്ടമാണ് അർജന്റീനയോട്. അത് കഴിഞ്ഞ് മെസ്സി വന്നുകഴിഞ്ഞപ്പോഴും ആ അർജന്റീനയോടുള്ള ഇഷ്ടം കുറഞ്ഞില്ല.’

‘ഇനി അർജൻ്റീനയിൽ ആര് വരും എന്നുള്ള ഒരു ആകാംക്ഷ ഉണ്ട്. മെസ്സിയെ ഇഷ്ടപ്പെടുന്നതുകൊണ്ട് അർജന്റീനയെ സ്നേഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും മെസ്സിയുടെ ജേഴ്സി ധരിച്ചുകൊണ്ട് നിൽക്കുന്ന കുട്ടികളെ കാണാം. മെസ്സിയില്ലാത്ത ഒരു വേൾഡ് കപ്പിനെക്കുറിച്ച് ഓർക്കുമ്പോൾ ഒരു വിങ്ങലാണ്.’

‘ദേശീയ ടീമിൽ മെസ്സിക്ക് ഇനി ഒന്നും നേടാനില്ല. വേൾഡ് കപ്പ് ആയാലും കോപ്പ അമേരിക്ക ആയാലും ഒരു ഫുട്ബോളർക്ക് കളിക്കാവുന്നതിന്റെ ഏറ്റവും ടോപ്പ് ലെവലിൽ അദ്ദേഹം കളിച്ചു. ബാലൺദ്യോർ എട്ട് തവണയൊക്കെ നേടുകയെന്ന് പറഞ്ഞാൽ പിന്നെ എന്താണ് വിശേഷിപ്പിക്കുക. വേറൊരു ജന്മം തന്നെയാണ് മെസ്സി. ഫുട്ബോൾ ഉള്ള കാലത്തോളം മായ്ച്ചുകളയാൻ പറ്റാത്ത ഒരു പേരാണ് ലയണൽ മെസ്സി. ലയണൽ മെസ്സിയുടെ ജീവിതവും ഗ്രൗണ്ടിലുള്ള കളികളും വരുന്ന തലമുറയ്ക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുള്ളതാണ്. അദ്ദേഹത്തിന്റെ ഗ്രൗണ്ടിലുള്ള പെരുമാറ്റം, സ്കിൽ, ആത്മാർഥത എല്ലാം ചേർത്ത് വായിക്കുമ്പോൾ മിശിഹ തന്നെയാണ് അദ്ദേഹം.’

‘2016-ലെ ഫെെനൽ തോൽവിക്ക് പിന്നാലെ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചു. ആ സമയത്തെ മാനസികാവസ്ഥയാകാം അദ്ദേഹത്തെ അത്തരമൊരു തീരുമാനത്തിലേയ്ക്ക് എത്തിച്ചത്. എന്നാൽ, അർജന്റീന സർക്കാരും അവിടെയുള്ള ജനങ്ങളും വീണ്ടും പറഞ്ഞുകൊണ്ടാണ് മെസ്സി തിരിച്ചുവന്നത്. എനിക്ക് തോന്നുന്നു, അന്ന് മെസ്സി തിരിച്ചുവന്നില്ലായിരുന്നെങ്കിൽ നമുക്ക് ഒരുപാട് നല്ല നിമിഷങ്ങൾ നഷ്ടമായേനെ.’

‘2016-ൽ തിരിച്ചുവന്ന് 2026 ലോകകപ്പ് വരെ പറഞ്ഞാലൊടുങ്ങാത്ത സുന്ദര മുഹൂർത്തങ്ങൾ അദ്ദേഹം സമ്മാനിച്ചു. വീണ്ടും മെസ്സിക്ക് ഒരു ലോകകപ്പ് കിട്ടുമെന്നുള്ള തോന്നലായിരുന്നു എല്ലാവർക്കും. മെസ്സി ഗ്രൗണ്ടിൽ ഉണ്ടാകുമ്പോൾ അത് വളരെ സുന്ദരമായ മുഹൂർത്തമാണ്. എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം മെസ്സിയുടെ കളി ലോകകപ്പിൽ നേരിട്ട് കാണാൻ സാധിച്ചത് തന്നെയാണ്.

മെസ്സിയുടെ അച്ഛന് അദ്ദേഹത്തിന്റെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനമുണ്ടായിരുന്നു. ചികിത്സ മുതൽ ക്ലബ് തിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങളിൽ അച്ഛൻ മെസ്സിക്കൊപ്പം നിന്നു. അച്ഛന്റെ വിയോഗം മെസ്സിയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. വിരമിക്കൽ തീരുമാനം നേരത്തെയാക്കാൻ അതും ഒരു കാരണമായിരിക്കാം.’

‘ഫുട്ബോൾ എന്നും ഉരുണ്ടുകൊണ്ടേയിരിക്കും. പുതിയ താരങ്ങൾ വന്നുകൊണ്ടേയിരിക്കും. മെസ്സിയുടെ കാലം അവസാനിച്ചാലും അദ്ദേഹത്തിന്റെ കളിയും സംഭാവനകളും വരുംതലമുറകൾക്ക് പാഠമായിരിക്കും. ഒരു വാക്കിൽ മെസ്സിയെ വിശേഷിപ്പിക്കണമെങ്കിൽ അത് ‘GOAT‘ എന്നത് തന്നെയാണ്’, വി.പി ഷാജി പറഞ്ഞു.