ബെര്‍ലിന്‍: 14 വര്‍ഷം നീണ്ട ജര്‍മന്‍ ദേശീയ ടീമിനൊപ്പമുള്ള ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച് മുന്നേറ്റ താരം തോമസ് മുള്ളര്‍. യൂറോ കപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. 2014-ലെ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ പ്രധാനിയായ താരം, രാജ്യത്തിനായി 131 മത്സരങ്ങളില്‍നിന്ന് 45 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്ന് ഫൈനലില്‍ മെസ്സിയെയും സംഘത്തെയും കണ്ണീര് കുടിപ്പിച്ചാണ് ജര്‍മനി ലോകചാമ്പ്യന്മാരായത്.
'14 വര്‍ഷം മുന്‍പ് ജര്‍മന്‍ ദേശീയ ടീമിനായി ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ ഇതൊന്നും ഞാന്‍ സ്വപ്‌നം കണ്ടിരുന്നില്ല'-വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള വീഡിയോയില്‍ മുപ്പത്തിനാലുകാരന്‍ പറഞ്ഞു. 131 ദേശീയ ടീം മത്സരങ്ങളിലെ 45 ഗോളുകള്‍ക്കുശേഷം ഞാന്‍ ഫുട്‌ബോളില്‍നിന്ന് വിടപറയുന്നു. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കുന്നു. എല്ലാവര്‍ക്കും നന്ദി. 2026 ലോകകപ്പിനായി ഞാന്‍ ടീമിനൊപ്പം കൈകോര്‍ക്കുന്നു. അതൊരു ആരാധകനായിട്ടാണ്, കളിക്കാരനായിട്ടല്ലെന്നും മുള്ളര്‍ പറഞ്ഞു.
2010 മാര്‍ച്ചിലാണ് മുള്ളര്‍ ജര്‍മന്‍ ദേശീയ ടീമിനായി ബൂട്ടണിഞ്ഞു തുടങ്ങിയത്. അക്കൊല്ലംതന്നെ നടന്ന ലോകകപ്പില്‍ യുവതാരം അഞ്ച് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും ഫിഫ യങ് പ്ലെയര്‍ പുരസ്‌കാരവും സ്വന്തമാക്കി. 2014-ല്‍ ജര്‍മനി ലോകകപ്പ് കിരീടം നേടിയപ്പോഴും അദ്ദേഹം നിര്‍ണായക ഭാഗവാക്കായി. പോര്‍ച്ചുഗലിനെതിരേ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോളുകള്‍ ആ ലോകകപ്പിലും നേടി. കഴിഞ്ഞ ദിവസം പൂര്‍ത്തിയായ യൂറോ കപ്പില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു മുള്ളറുടെ സ്ഥാനം. രണ്ട് മത്സരങ്ങളിലായി 56 മിനിറ്റ് കളിച്ചു. ചാമ്പ്യന്മാരായ സ്‌പെയിനോട് നോക്കൗട്ടില്‍ 2-1ന് തോറ്റാണ് ജര്‍മനി യൂറോ കപ്പില്‍നിന്ന് പുറത്തായത്.
Content Highlights: thomas muller retired from international football
Published: 15 Jul 2024, 08:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented