ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റതാരം ആന്റണി മാര്‍ഷ്യലിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബായ സെവിയ്യ. വായ്പാ അടിസ്ഥാനത്തില്‍ നിലവിലെ സീസണ്‍ അവസാനിക്കുന്നതുവരെ മാര്‍ഷ്യല്‍ സെവിയ്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടും. 

To advertise here,

26 കാരനായ ഫ്രഞ്ച് താരം സ്‌പെയിനിലേക്ക് യാത്ര തിരിച്ചു. ശാരീരിക പരിശോധനകള്‍ക്ക് ശേഷം മാര്‍ഷ്യല്‍ സെവിയ്യക്കൊപ്പം ചേരും. ബാഴ്‌സലോണ, യുവന്റസ് ടീമുകളെ മറികടന്നാണ് മാര്‍ഷ്യലിനെ സെവിയ്യ സ്വന്തമാക്കിയത്. 

റെക്കോഡ് തുകയ്ക്ക് 2015-ലാണ് മാര്‍ഷ്യലിനെ മൊണാക്കോയില്‍ നിന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. 269 മത്സരങ്ങള്‍ കളിച്ച താരം 79 ഗോളുകള്‍ നേടി. പക്ഷേ പുതിയ സീസണില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ മാര്‍ഷ്യല്‍ പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനായി തയ്യാറെടുത്തു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജേഡന്‍ സാഞ്ചോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, മേസണ്‍ ഗ്രീന്‍വുഡ്, എഡിന്‍സണ്‍ കവാനി എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ പലപ്പോഴും മാര്‍ഷ്യലിന് അവസരം ലഭിച്ചില്ല. പുതിയ സീസണില്‍ വെറും നാലുതവണ മാത്രമാണ് മാര്‍ഷ്യലിന് ആദ്യ ഇലവനില്‍ ഇടം നേടാനായത്. 

സെവിയ്യയ്ക്ക് വേണ്ടി കളിക്കാന്‍ താത്പര്യമുണ്ടെന്ന് മാര്‍ഷ്യല്‍ നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ ലാ ലിഗയില്‍ റയലിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് സെവിയ്യ. 

Content Highlights: Sevilla reach agreement to sign Manchester United forward Martial on loan for rest of season