കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗ്രൂപ്പ് രണ്ടില്‍ തുടര്‍ച്ചയായ നാലാം ജയവുമായി ഫൈനല്‍ റൗണ്ട് സാധ്യതകള്‍ സജീവമാക്കി കേരളം. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ജമ്മു കശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത കേരളം 12 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തി. മിസോറാമിനെതിരേ ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ കേരളത്തിന് നേരിട്ട് ഫൈനല്‍ റൗണ്ട് കളിക്കാം.

To advertise here,

വിഖ്‌നേഷ്, റിസ്വാന്‍ അലി, നിജോ ഗില്‍ബര്‍ട്ട് എന്നിവരാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.

രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രാപ്രദേശ് ടീമുകള്‍ക്കെതിരേ ഗോള്‍വര്‍ഷം നടത്തിയെത്തിയ കേരളത്തെ ആദ്യ പകുതിയില്‍ പിടിച്ചുകെട്ടാല്‍ ജമ്മു കശ്മീരിനായി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിറ്റിലാണ് കേരളം ആദ്യ ഗോള്‍ കണ്ടെത്തിയത്. നിജോ ഗില്‍ബര്‍ട്ട് ചിപ് ചെയ്ത് നല്‍കിയ പാസ് പാടിച്ചെടുത്ത് വിഖ്‌നേഷാണ് കേരളത്തെ മുന്നിലെത്തിച്ചത്. ഗോള്‍കീപ്പറേയും മറികടന്ന വിഖ്‌നേഷ് പോസ്റ്റിന്റെ വലതുഭാഗത്തുനിന്ന് അസാധ്യമായൊരു ആംഗിളില്‍ നിന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

76-ാം മിനിറ്റില് കേരളത്തിന്റെ രണ്ടാം ഗോളെത്തി. ഇടതുഭാഗത്തുനിന്ന് പന്തുമായി മുന്നേറി വിശാഖ് മോഹന്‍ നല്‍കിയ പാസ് റിസ്വാന്‍ അലി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിലൂടെ കേരളം ഗോള്‍പട്ടിക തികച്ചു. വിഖ്‌നേഷ് നല്‍കിയ പാസ് പിടിച്ചെടുത്ത നിജോ ഗില്‍ബര്‍ട്ട് പന്ത് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

യോഗ്യതാ റൗണ്ടില്‍ ആറ് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുന്നത്. മികച്ച മൂന്ന് റണ്ണറപ്പുകളും യോഗ്യത നേടും.