ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ കേപ് വെർദെ എന്ന ആഫ്രിക്കൻ രാഷ്ട്രം അദ്ഭുതകരമായ മുന്നേറ്റമാണ് നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ലോക ചാമ്പ്യന്മാരായ സ്‌പെയിൻ, യുറഗ്വായ് ഉൾപ്പെടെയുള്ള ടീമുകളെ സമനിലയിൽ തളച്ചാണ് ടീം നോക്കൗട്ട് ഉറപ്പിച്ചത്. സ്‌പെയിനിനോ സൗദി അറേബ്യയ്‌ക്കോ ഒരുതവണപോലും കേപ് വെർദെയുടെ പ്രതിരോധക്കോട്ട പൊളിക്കാനായില്ല. യുറഗ്വായ് രണ്ടുതവണ വലകുലുക്കിയപ്പോൾ തിരിച്ചും രണ്ടെണ്ണം കൊടുത്തു. ഗോൾപോസ്റ്റിന് മുന്നിൽ വൊസിന്യ എന്ന 40-കാരൻ നടത്തിയ വീരോചിതമായ പ്രകടനമാണ് ടീമിന്റെ നോക്കൗട്ട് പ്രവേശനത്തിന്റെ കാതൽ. റൗണ്ട് ഓഫ് 32-ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം.

To advertise here,

കേപ് വെർദെയുടെ ഈ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിച്ച്, ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരേ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ ന്യൂസീലൻഡിൽ നടന്ന ഫിഫ പരമ്പരയ്ക്കിടെ ടീമിനൊപ്പം വിവർത്തകയായി ജോലിചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് റയാൻ മെൻഡിസിനെതിരേ പരാതി നൽകിയത്. ഓക്ലൻഡിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകയറി മെൻഡിസ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.

മാർച്ച് 27-ന് ചിലിക്കെതിരായ മത്സരത്തിനുശേഷം മെൻഡിസ് യുവതിയെ ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെന്ന പേരിൽ മുറിയിലേക്ക് ക്ഷണിച്ചെന്നാണ് ആരോപണം. എന്നാൽ അതൊരു ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കല്ലെന്ന് മനസ്സിലാക്കിയ യുവതി തന്റെ മുറിയിലേക്ക് തിരികെ മടങ്ങി. പിന്നാലെയെത്തിയ മെൻഡിസ് യുവതിയുടെ വാതിലിൽ മുട്ടുകയും തുറന്നപ്പോൾ ബലമായി അകത്തുകയറുകയും ചെയ്തു. തുടർന്ന് കഴുത്തിന് പിടിച്ച് ഇടിക്കുകയും കടിക്കുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് യുവതി ന്യൂസീലൻഡ് പോലീസിൽ നൽകിയ പരാതി.

യുവതി ലൈംഗികാതിക്രമ പരിശോധനയ്ക്ക് വിധേയയായിട്ടുണ്ട്. ശരീരത്തിൽ പരിക്കേറ്റതിന്റെ പാടുകളും ചതവുകളും പരിശോധനയിൽ കണ്ടെത്തിയതായും ഇതിന്റെ ചിത്രങ്ങൾ പോലീസിനും മാധ്യമങ്ങൾക്കും കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. അക്രമത്തെക്കുറിച്ച് കേപ് വെർദെ ഫുട്‌ബോൾ അധികൃതരെ അറിയിച്ചെങ്കിലും അവർ കൈമലർത്തിയെന്നും പറയുന്നു. അതേസമയം, സംഭവത്തിൽ ന്യൂസീലൻഡ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു.