മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ചാമ്പ്യന്മാരായ എ.സി.മിലാനെ സ്വന്തമാക്കാനൊരുങ്ങി റെഡ്‌ബേര്‍ഡ് ക്യാപിറ്റല്‍. എ.സി.മിലാന്റെ പൂര്‍ണ ഉടമസ്ഥാവകാശം 1.2 ബില്യണ്‍ യൂറോ മുടക്കി വാങ്ങാനാണ് റെഡ്‌ബേര്‍ഡ് ക്യാപിറ്റല്‍ ശ്രമിക്കുന്നത്.

To advertise here,

നിലവില്‍ എലിയട്ട് അഡ്വൈസേഴ്‌സിന്റെ അധീനതയിലാണ് എ.സി.മിലാന്‍. 2018-ല്‍ ലി യോങ് ഹോങ്ങില്‍ നിന്നാണ് എലിയട്ട് അഡ്വൈസേഴ്‌സ് മിലാന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റെഡ് ബേര്‍ഡ് മിലാന്റെ ഉടമസ്ഥാവകാശത്തിനായി രംഗത്തുണ്ട്. എന്നാല്‍ എലിയട്ട് അഡ്വൈസേഴ്‌സ് അതിന് തയ്യാറായിരുന്നില്ല. പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം എലിയട്ട് അഡ്വൈസേഴ്‌സ് ഉടമസ്ഥാവകാശം റെഡ്‌ബേര്‍ഡിന് കൈമാറിയേക്കും. 

2022 സെപ്റ്റംബറിനകം റെഡ്‌ബേര്‍ഡ് എ.സി.മിലാന്റെ സമ്പൂര്‍ണ ഉടമസ്ഥാവകാശം സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2021-2022 സീരി എ കിരീടം നേടിയ മിലാന്‍ 11 വര്‍ഷത്തിനുശേഷമാണ് ലീഗില്‍ ഒന്നാമതായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.