മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് റയല്‍ കിരീടമുറപ്പിച്ചത്. ജയത്തോടെ റയലിന് 34 മത്സരങ്ങളില്‍ നിന്ന് 81 പോയന്റായി. രണ്ടാമതുള്ള സെവിയ്യയ്ക്ക് 64 പോയന്റ് മാത്രമാണുള്ളത്. ഇതോടെയാണ് ലീഗില്‍ നാലു മത്സരങ്ങള്‍ ശേഷിക്കേ റയല്‍ കിരീടമുറപ്പിച്ചത്.

To advertise here,

കിരീടത്തോടെ ഏറ്റവും കൂടുതല്‍ ലാ ലിഗ കിരീടങ്ങളെന്ന റെക്കോഡ് റയല്‍ 35 ആയി ഉയര്‍ത്തുകയും ചെയ്തു. 26 കിരീടങ്ങളുമായി ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. 

റോഡ്രിഗോ (33, 43) ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ മാര്‍ക്കോ അസെന്‍സിയോ (55), കരീം ബെന്‍സേമ (81) എന്നിവരാണ് റയലിന്റെ മറ്റു ഗോളുകള്‍ നേടിയത്.

ആഞ്ചലോട്ടിക്ക് അപൂര്‍വ നേട്ടം

ലാ ലിഗ നേട്ടത്തോടെ റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയും അപൂര്‍വ നേട്ടം സ്വന്തമാക്കി. യൂറോപ്പിലെ അഞ്ച് മേജര്‍ ലീഗുകളിലും പരിശീലിപ്പിച്ച ടീമുകള്‍ക്കൊപ്പം കിരീടമെന്ന നേട്ടമാണ് ആഞ്ചലോട്ടിയെ തേടിയെത്തിയത്. ഈ നേട്ടം സ്വന്തമാക്കിയ ഏക പരിശീലകനും ആഞ്ചലോട്ടി തന്നെ. നേരത്തെ ചെല്‍സി പരിശീലകനായി പ്രീമിയര്‍ ലീഗും, എ സി മിലാന്റെ പരിശീലകനായി ഇറ്റാലിയന്‍ സീരി എ കിരീടവും, പിഎസ്ജി പരിശീലകനായി ഫ്രഞ്ച് ലീഗ് കിരീടവും, ബയേണിന് ഒപ്പം ബുണ്ടസ് ലീഗയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

സൂപ്പര്‍ മാഴ്‌സെലോ

റയലിന്റെ കിരീട നേട്ടത്തോടെ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമായി ബ്രസീലിയന്‍ താരം മാഴ്‌സെലോ മാറി. റയലിനൊപ്പം മാഴ്‌സെലോയുടെ 24-ാം കിരീടമാണിത്.