ബാഴ്‌സലോണ: ലാ ലിഗയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ഇതോടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറാനും ബാഴ്‌സയ്ക്കായി.

To advertise here,

37-ാം മിനിറ്റില്‍ പിയറെ എമറിക് ഔബമെയാങ്ങാണ് ബാഴ്‌സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഡാനി ആല്‍വസ് എടുത്ത കോര്‍ണറില്‍ നിന്നുള്ള പിക്വെയുടെ ഹെഡര്‍ ക്രോസ് ബാറിലിടിച്ച് മടങ്ങി. റീബൗണ്ട് വന്ന പന്ത് സമയമൊട്ടും കളയാതെ ഔബമെയാങ്ങ് വലയിലെത്തിക്കുകയായിരുന്നു. 

73-ാം മിനിറ്റില്‍ ഒസുമാനെ ഡെംബെലെ ഒരു കിടിലന്‍ ഷോട്ടിലൂടെ ബാഴ്‌സയുടെ ലീഡുയര്‍ത്തി. പിന്നീട് മൈതാനത്ത് ഡെംബെലെയുടെ ആറാട്ടായിരുന്നു. നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഡെംബെലെയുടെ അളന്നുമുറിച്ച ക്രോസില്‍ നിന്ന് ലൂക്ക് ഡിയോങ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടി. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിലും ഡെംബെലെ ഗോളിന് വഴിയൊരുക്കി. ഇത്തവണ മെംഫിസ് ഡിപായിയാണ് താരത്തിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടിയത്. 

ജയത്തോടെ 25 മത്സരങ്ങളില്‍ നിന്ന് 45 പോയന്റുമായി ബാഴ്‌സ നാലാം സ്ഥാനത്താണ്.