
സാന്റോസ്: ദൂരെ കടലുകാണാം, തൊട്ടടുത്തായി മഴക്കാടുകളും പിന്നെ ഏറെ പ്രിയപ്പെട്ട സാന്റോസ് ക്ലബ്ബിന്റെ വിലെ ബെല്‍മിറോ മൈതാനവും. പെലെ അന്ത്യവിശ്രമംകൊള്ളുന്ന സാന്റോസ് നഗരത്തിലെ മെമ്മോറിയല്‍ നെക്രോപോള്‍ എക്യൂമെനിക്ക സെമിത്തേരിയുടെ ഒമ്പതാം നിലയില്‍നിന്നുള്ള കാഴ്ചകളാണിത്. ഉയരക്കൂടുതലിന്റെ കാര്യത്തില്‍ ഗിന്നസ് റെക്കോഡുണ്ട് ഈ സെമിത്തേരിക്ക്. പെലെ അദ്ദേഹത്തെ അടക്കംചെയ്യാന്‍ ആഗ്രഹിച്ചിരുന്നയിടത്തുതന്നെയാണ് ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹത്തെ സംസ്‌കരിച്ചത്. ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷമൊരുക്കിയാണ് പെലെയെ അടക്കംചെയ്തിരിക്കുന്നത്. പെലെയുടെ പിതാവിനെയും മറ്റു കുടുംബാംഗങ്ങളെയും മെമ്മോറിയല്‍ സെമിത്തേരിയിലായിരുന്നു സംസ്‌കരിച്ചത്.
സംഗീതമൊഴുകുന്ന സെമിത്തേരി
14 നിലകളിലായി ഏകദേശം 16,000 പേര്‍ക്ക് അന്ത്യവിശ്രമത്തിന് സൗകര്യമുള്ള കെട്ടിടമാണ് മെമ്മോറിയല്‍ സെമിത്തേരി. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍പോലെയാണ് സെമിത്തേരിയുടെ ഉള്‍വശം ഒരുക്കിയിരിക്കുന്നത്. പിയാനോയില്‍നിന്നും വയലിനില്‍നിന്നും സംഗീതം സദാ ഒഴുകിക്കൊണ്ടിരിക്കും. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുവേണ്ടി ചാപ്പലും റസ്റ്റോറന്റും മിനിബാര്‍ സൗകര്യങ്ങളുമുണ്ട്. സംസ്‌കാരച്ചടങ്ങിനെത്തുന്ന ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് താമസിക്കാന്‍ സ്യൂട്ട് റൂമും ഒരുക്കിയിരിക്കുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന 300 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക മുറിയുമുണ്ട്. വായിച്ചിരിക്കാന്‍ പത്രമാസികകളും ലോബിയില്‍ ലഭ്യമാണ്.
സെമിത്തേരിയുടെ ഓരോ നിലയിലും 150 കുടീരങ്ങളാണുള്ളത്. ഓരോന്നിലും ആറ് മൃതദേഹങ്ങള്‍വരെ സംസ്‌കരിക്കാം. ഏകദേശം മൂന്ന് വര്‍ഷംകൊണ്ടാണ് മൃതദേഹം പൂര്‍ണമായും വിഘടിക്കുക. കുടുംബത്തിന്റെ താത്പര്യപ്രകാരം മൃതദേഹം പുറത്തെടുക്കുകയോ അല്ലെങ്കില്‍ അസ്ഥികള്‍ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യാം. ഇതിനും സെമിത്തേരി പരിസരത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്.
ചെലവ് അഞ്ചുമുതല്‍ 18 വരെ ലക്ഷം
ആഡംബര സെമിത്തേരിയില്‍ അന്ത്യവിശ്രമത്തിന് ചെലവും ധാരാളം. മൂന്നുവര്‍ഷത്തേക്ക് ഏകദേശം അഞ്ചുലക്ഷം മുതല്‍ 18 ലക്ഷം രൂപവരെയാണ് വാടക. കെട്ടിടത്തിന്റെ ഏതുഭാഗത്താണ് സംസ്‌കരിക്കുന്നത് എന്നതിനനുസരിച്ചാണ് വിലയീടാക്കുന്നത്. 1991-ലായിരുന്നു ഉദ്ഘാടനം. ഫുട്ബോള്‍ ഇതിഹാസം പെലെയെ അടക്കംചെയ്തതോടെ ഇനിമുതല്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ സന്ദര്‍ശകരുടെ പ്രവാഹമുണ്ടാകും.
Content Highlights: Pele Gets Resting Place in World s Tallest Vertical Cemetery
Published: 05 Jan 2023, 03:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented