
കൊച്ചി: കേരളത്തിലെ ഫുട്‌ബോൾ കളിയാരവങ്ങൾക്ക് പുതിയ പ്രതീക്ഷകൾ പകരുന്ന സൂപ്പർ ലീഗ് കേരളയ്ക്ക് ഒരുക്കങ്ങളായി. ആദ്യ സൂപ്പർ ലീഗ് കേരളയുടെ ടൈറ്റിൽ സ്‌പോൺസറായി മഹീന്ദ്രയുമായി കരാറായെന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. സെപ്റ്റംബർ 7-ന് വൈകുന്നേരം 7.30-ന് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഫോഴ്‌സാ കൊച്ചി എഫ്.സി.യും മലപ്പുറം എഫ്.സി.യും തമ്മിലാണ് ആദ്യമത്സരം. കിക്കോഫിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരുന്നതായും അദ്ദേഹം പറഞ്ഞു.
33 മത്സരങ്ങളുള്ള ലീഗിന്റെ തത്സമയസംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1-ൽ ഉണ്ടാകും. വെബ് സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ലീഗിന്റെ മിഡിൽ ഈസ്റ്റ് സംപ്രേഷണാവകാശത്തിനുള്ള അവസാനവട്ട ചർച്ചയിലാണെന്നും ഫിറോസ് മീരാൻ പറഞ്ഞു. ടിക്കറ്റുകൾ പേടിഎം വഴി ബുക്ക് ചെയ്യാം.
വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി 30-ന് മലപ്പുറം മഞ്ചേരി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ചാരിറ്റി മത്സരം സംഘടിപ്പിക്കുമെന്ന് സൂപ്പർ ലീഗ് കേരള സി.ഇ.ഒ. മാത്യു ജോസഫ് പറഞ്ഞു. ചാരിറ്റി മത്സരത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.
യുവപ്രതിഭകൾക്ക് അവസരങ്ങൾ നൽകി സൂപ്പർ ലീഗ് കേരള ഇന്ത്യൻ ഫുട്‌ബോളിൽ ഒരു പുതിയ പ്രതീക്ഷയാകുകയാണെന്ന് കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡൻറ് നവാസ് മീരാൻ പറഞ്ഞു. രാജ്യത്താകെ ഫുട്‌ബോളിനെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാൻ സൂപ്പർ ലീഗ് കേരളയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഫോഴ്‌സാ കൊച്ചി എഫ്.സി., മലപ്പുറം എഫ്.സി., തിരുവനന്തപുരം കൊമ്പൻസ് എഫ്.സി., കണ്ണൂർ വാരിയേഴ്‌സ് എഫ്.സി., കാലിക്കറ്റ് എഫ്.സി., തൃശ്ശൂർ മാജിക് എഫ്.സി. എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുന്നത്.
ചാരിറ്റി മത്സരത്തിൽ മുഹമ്മദൻസ് vs സൂപ്പർ ലീഗ് ഇലവൻ
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 30-ന് വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന ചാരിറ്റി മത്സരത്തിൽ കൊൽക്കത്ത മുഹമ്മദൻസ് സ്‌പോർട്ടിങ്ങും കേരള സൂപ്പർ ലീഗ് ഓൾ സ്റ്റാർ ഇലവനും ഏറ്റുമുട്ടും. വയനാടിനു കൈത്താങ്ങായി ഒരുകോടി രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം. മന്ത്രി വി. അബ്ദുറഹ്‌മാനും കെ.എഫ്.എ. അധ്യക്ഷൻ നവാസ് മീരാനും അടക്കമുള്ളവർ ടിക്കറ്റെടുത്ത് കളി വീക്ഷിച്ച് വയനാടിനു പിന്തുണനൽകും. ബുധനാഴ്ച വൈകീട്ട് മുഹമ്മദൻസ് ടീം കോഴിക്കോട് വിമാനത്താവളത്തിലെത്തി.
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി.യിലെ ബ്രസീൽ താരം മൈക്കൽ ഡോസ് സാന്റോസ്, കാലിക്കറ്റ് എഫ്.സി.യിലെ ഹെയ്തി താരം കെർവെൻസ് ബെൽഫോർട്ട്, കണ്ണൂർ വാരിയേഴ്‌സ് എഫ്.സി.യിലെ സ്പാനിഷ് താരങ്ങളായ എലോയ് ഒർഡോനസ്, ആസിയർ ഗോമസ്, കൊച്ചി ഫോഴ്‌സാ എഫ്.സി.യിലെ ദക്ഷിണാഫ്രിക്കൻ താരം സിയാന്ദ എൻഗുബോ, മലപ്പുറം എഫ്.സി.യിലെ സ്പാനിഷ് താരം അലക്‌സ് സഞ്ചസ് എന്നീ വിദേശതാരങ്ങൾ സൂപ്പർ ലീഗ് ഓൾ സ്റ്റാർ ഇലവൻ ടീമിലുണ്ട്. മലയാളി താരങ്ങളായ ജിജോ ജോസഫ്, കെ.പി. രാഹുൽ, പി.എം. ബ്രിട്ടോ തുടങ്ങിയവരും ടീമിലുണ്ട്. ബിനോ ജോർജാണ് ഓൾ സ്റ്റാർ ഇലവന്റെ കോച്ച്.
ടിക്കറ്റുകൾ വാങ്ങാം
കേരള ബാങ്കിന്റെ മലപ്പുറം, മഞ്ചേരി, നിലമ്പൂർ, മമ്പാട്, അരീക്കോട്, പാണ്ടിക്കാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂർ, കോട്ടയ്ക്കൽ, വേങ്ങര എന്നീ ശാഖകളിലും മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ കോട്ടപ്പടിയിലുള്ള ഓഫീസിലും എം.എഫ്.സി. ക്ലബ്ബിന്റെ ലോഞ്ചിങ് നടക്കുന്ന എം.എസ്.പി. ഗ്രൗണ്ടിലും വിതരണംചെയ്യും. ടിക്കറ്റ് നിരക്കുകൾ 199, 299, 399, 499
Content Highlights: mohammedan sporting club vs kerala super league eleven wayanad landslide football
Published: 29 Aug 2024, 07:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented