മഡ്രിഡ്: യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്മാരുടെ പോരാട്ടത്തിന് ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങൊരുങ്ങി. പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ അത്ലറ്റിക്കോ മഡ്രിഡും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും മുഖാമുഖംവരും. മറ്റൊരു കളിയില്‍ ഡച്ച് ശക്തികളായ അയാക്സ് ബെന്‍ഫിക്കയെ നേരിടും. രാത്രി 1.30-നാണ് മത്സരം.

To advertise here,

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും അത്ലറ്റിക്കോ മഡ്രിഡിനും അഗ്‌നിപരീക്ഷയാണ്. പ്രീമിയര്‍ ലീഗില്‍ ലീഡ്സിനെതിരേ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് ക്ലബ്ബ് കളിക്കാനിറങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം കളിച്ച അഞ്ചു മത്സരത്തിലും ടീം തോറ്റിട്ടില്ല. എതിരാളിയുടെ തട്ടകത്തില്‍ ജയം നേടിയാല്‍ റാല്‍ഫ് റാഗ്നിക്കിനും സംഘത്തിനും മുന്നോട്ടുപോക്ക് സുഗമമാകും. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച റെക്കോഡുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരയില്‍ പോള്‍ പോഗ്ബ-ബ്രൂണോ ഫെര്‍ണാണ്ടസ് സഖ്യവും വിങ്ങില്‍ ജേഡന്‍ സാഞ്ചോയും മികച്ച ഫോമിലേക്കെത്തിയാല്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാകും.

മറുവശത്ത് അത്ലറ്റിക്കോ മഡ്രിഡ് സ്പാനിഷ് ലാലിഗയില്‍ തപ്പിത്തടയുകയാണ്. സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍ പരിക്കുമാറി തിരികെയെത്തിയത് ടീമിന് പ്രതീക്ഷനല്‍കുന്നു. മിന്നുന്ന ഫോമില്‍ കളിക്കുന്ന എയ്ഞ്ചല്‍ കൊറേയ, ജാവോ ഫെലിക്സ്, ലൂയി സുവാരസ് ത്രയമാകും മുന്നേറ്റനിരയില്‍ കളിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പരിശീലകന്‍ ഡീഗോ സിമിയോണിയും പ്രതീക്ഷിക്കുന്നില്ല.

പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയ്‌ക്കെതിരേ കളിക്കാനിറങ്ങുമ്പോള്‍ മിന്നുന്ന ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് അയാക്സ്. ലീഗില്‍ അവസാനം കളിച്ച ആറു മത്സരങ്ങളും ടീം ജയിച്ചു. ബെന്‍ഫിക്ക കഷ്ടിച്ചാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്.