മാഞ്ചെസ്റ്റര്‍: ഞായറാഴ്ച നടന്ന മാഞ്ചെസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സ്വന്തം ടീമായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍.

To advertise here,

ഡെര്‍ബിയില്‍ സിറ്റിയോട് തോറ്റ യുണൈറ്റഡ് ടീമിന്റെ പ്രകടനം അംഗീകരിക്കാനാകാത്തതാണെന്ന് എറിക്‌സണ്‍ പറഞ്ഞു. എര്‍ലിങ് ഹാളണ്ടും ഫില്‍ ഫോഡനും സിറ്റിക്കായി ഹാട്രിക്ക് നേടിയ മത്സരത്തില്‍ മൂന്നിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തോല്‍വി.

മത്സര ശേഷം റോയിറ്റേഴ്‌സിന് നല്‍കിയ പ്രതികരണത്തിലാണ് എറിക്‌സണ്‍, മത്സരത്തിലെ യുണൈറ്റഡിന്റെ പ്രകടനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. എല്ലാവര്‍ക്കും ഒരു മോശം ദിവസമുണ്ടാകുമെന്ന് പറഞ്ഞ എറിക്‌സണ്‍, ടീം തുടങ്ങിയതു തന്നെ തെറ്റായ ദിശയിലായിരുന്നുവെന്നും പിന്നിലായ ശേഷം തിരിച്ചുവരാനുള്ള ധൈര്യം ടീമിന് നഷ്ടമായി എന്നും എറിക്‌സണ്‍ പറഞ്ഞു. തോല്‍വി വഴങ്ങിയ മത്സരത്തിലെ ടീമിന്റെ പ്രകടനം അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''അതൊരു മോശം ദിവസം തന്നെയായിരുന്നുവെന്നാണ് എല്ലാവര്‍ക്കും തോന്നുന്നത്. ഞങ്ങള്‍ തുടങ്ങിയതു തന്നെ പിഴവുകളോടെയായിരുന്നു. കിക്കോഫിന് തൊട്ടുപിന്നാലെ തന്നെ അവര്‍ക്ക് (സിറ്റിക്ക്) അവസരങ്ങള്‍ ലഭിച്ചു. സ്വയം കുറ്റപ്പെടുത്തുക മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാനുള്ളൂ. പിന്നിലായ ശേഷം തിരിച്ചുവരാനുള്ള ധൈര്യം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അവരെ അവരുടെ ശക്തിയില്‍ തന്നെ തുടരാനും അനുവദിച്ചു. മാറ്റേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒരുപാടിടങ്ങളില്‍ ഇനിയും മെച്ചപ്പെടേണ്ടതുമുണ്ട്. എങ്കിലും ഈ പ്രകടനം അംഗീകരിക്കാനാകാത്തതാണ്.'' - എറിക്‌സണ്‍ പറഞ്ഞു.

ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ സിറ്റി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. യുണൈറ്റഡിനെ ആദ്യ പകുതിയില്‍ തന്നെ സിറ്റി നിഷ്പ്രഭരാക്കി കളഞ്ഞു. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ സിറ്റി ലീഡെടുത്തു. ബെര്‍ണാര്‍ഡോ സില്‍വ നല്‍കിയ പാസില്‍ നിന്ന് ഫില്‍ ഫോഡനാണ് സ്‌കോര്‍ ചെയ്തത്. 34-ാം മിനിറ്റില്‍ കോര്‍ണറില്‍ തലവെച്ച് ഹാളണ്ട് സിറ്റിയുടെ ലീഡുയര്‍ത്തി. 37-ാം മിനിറ്റില്‍ ഹാളണ്ട് വീണ്ടും സ്‌കോര്‍ ചെയ്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫോഡനും വീണ്ടും സ്‌കോര്‍ ചെയ്തതോടെ സിറ്റി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മുന്നില്‍.

എന്നാല്‍ 56-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ആന്റണിയിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നാലെ 64-ാം മിനിറ്റില്‍ ഗോമസിന്റെ പാസില്‍ നിന്ന് ഹാളണ്ട് ഹാട്രിക്ക് തികച്ചു. എത്തിഹാദില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഹാളണ്ടിന് ഹാട്രിക്ക്. 73-ാം മിനിറ്റില്‍ ഫോഡനും ഹാട്രിക്ക് പൂര്‍ത്തിയാക്കിയതോടെ സിറ്റി തങ്ങളുടെ ഗോള്‍ പട്ടിക തികച്ചു. പിന്നാലെ 84-ാം മിനിറ്റിലും ഇന്‍ജുറി ടൈമില്‍ ഹാട്രിക്കിലൂടെയും സ്‌കോര്‍ ചെയ്ത ആന്റണി മാര്‍ഷ്യല്‍ യുണൈറ്റഡിന്റെ പാരജയഭാരം കുറച്ചു.

ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. 12 പോയന്റ് മാത്രമുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്.