മാഞ്ചെസ്റ്റര്‍: യൂറോപ്പ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ യുണൈറ്റഡ് സ്പാനിഷ് ശക്തികളായ റയല്‍ ബെറ്റിസിനെ തകര്‍ത്തു. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. 

To advertise here,

യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്കായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി, ബ്രൂണോ ഫെര്‍ണാണ്ടസ്, വൗട്ട് വെഗോര്‍സ്റ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. അയോസി പെരെസ് റയല്‍ ബെറ്റിസിനായി ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഏകദേശം ഉറപ്പിച്ചു. രണ്ടാം പാദ മത്സരത്തില്‍ ചുരുങ്ങിയത് നാല് ഗോളിനെങ്കിലും വിജയിച്ചാല്‍ മാത്രമേ റയല്‍ ബെറ്റിസിന് ക്വാര്‍ട്ടറില്‍ കടക്കാനാകൂ. 

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റാഷ്‌ഫോര്‍ഡിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാല്‍ 32-ാം മിനിറ്റില്‍ പെരെസിലൂടെ ബെറ്റിസ് സമനില ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു. 

എന്നാല്‍, രണ്ടാം പകുതിയില്‍ യുണൈറ്റഡ് ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടതോടെ ബെറ്റിസ് വിയര്‍ത്തു. 52-ാം മിനിറ്റില്‍ ആന്റണിയുടെ മഴവില്‍ ഗോളിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തി. തൊട്ടുപിന്നാലെ 58-ാം മിനിറ്റില്‍ നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസും വലകുലുക്കി. 82-ാം മിനിറ്റില്‍ വെഗോര്‍സ്റ്റിലൂടെ യുണൈറ്റഡ് നാലാം ഗോളും നേടി വിജയമുറപ്പിച്ചു. 

മത്സരത്തിന്റെ രണ്ടാം പാദം മാര്‍ച്ച് 16-ന് റയല്‍ ബെറ്റിസിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കും. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് എസ്.സി ഫ്രെയ്ബര്‍ഗിനെ കീഴടക്കി. എയ്ഞ്ജല്‍ ഡി മരിയയാണ് ടീമിനായി വിജയഗോള്‍ നേടിയത്.