ലെയ്പ്‌സിഗ്: പ്രീ സീസണ്‍ മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി. ലെയ്പ്‌സിഗിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് ചെമ്പട നാണംകെടുത്തിയത്. ഈ സീസണില്‍ വമ്പന്‍ തുകയ്ക്ക് ടീമിലെത്തിയ ഡാര്‍വിന്‍ ന്യൂനസ് നാലുഗോളടിച്ച് വരവറിയിച്ചു. ശേഷിച്ച ഗോള്‍ സൂപ്പര്‍താരം മുഹമ്മദ് സല നേടി. 

To advertise here,

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ന്യൂനസ് നാലുഗോളും നേടിയത്. ലെയ്പ്‌സിഗിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. മുഹമ്മദ് സലയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ടീം 1-0 ന് മുന്നിലെത്തി. 

രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ ന്യൂനസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. മുന്നേറ്റത്തില്‍ ആക്രമിച്ച് കളിച്ച യുറുഗ്വായ് താരം മത്സരത്തിന്റെ 48, 51, 68, 90 മിനിറ്റുകളില്‍ ഗോളടിച്ചു. ഒരു പെനാല്‍ട്ടി ഗോളും ഇതില്‍ ഉള്‍പ്പെടും. 

ബെന്‍ഫിക്കയില്‍ നിന്ന് 85 മില്യണ്‍ യൂറോ (ഏകദേശം 690 കോടി രൂപ) മുടക്കിയാണ് ലിവര്‍പൂള്‍ ന്യൂനസിനെ റാഞ്ചിയത്. ന്യൂനസ് ആദ്യമായാണ് ടീമിനുവേണ്ടി ഗോളടിച്ചത്. ഇതിനുമുന്‍പ് നടന്ന രണ്ട് പ്രീ സീസണ്‍ മത്സരങ്ങളും താരത്തിന് വേണ്ട വിധത്തില്‍ തിളങ്ങാനായിരുന്നില്ല. ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോട് എതില്ലാത്ത നാലുഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി.  അടുത്ത മത്സരത്തില്‍ ആര്‍.ബി. സാല്‍സ്ബര്‍ഗാണ് ടീമിന്റെ എതിരാളി.