
മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ആരാധകര്‍ കാത്തിരുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി ലിവര്‍പൂള്‍. അത്‌ലറ്റിക്കോ മഡ്രിഡിന്റെ ആന്റോയിന്‍ ഗ്രീസ്മാന്‍ ഒരേ സമയം നായകനും വില്ലനുമായ മത്സരത്തില്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയം നേടിയത്.
ഗ്രൂപ്പ് ബി യില്‍ നടന്ന പോരാട്ടത്തില്‍ ലിവര്‍പൂളിനായി ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നാബി കെയ്റ്റയും ലക്ഷ്യം കണ്ടു. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗ്രീസ്മാന്‍ ഇരട്ട ഗോളുകള്‍ നേടി. നാടകീയമായ നിരവധി രംഗങ്ങള്‍ക്ക് വേദിയായ മത്സരത്തില്‍ എട്ടാം മിനിട്ടില്‍ തന്നെ മുഹമ്മദ് സല ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 13-ാം മിനിട്ടില്‍ കെയ്റ്റയും ലക്ഷ്യം കണ്ടതോടെ ചെമ്പട വിജയമുറപ്പിച്ചു.
എന്നാല്‍ അത്‌ലറ്റിക്കോ പിന്‍വാങ്ങാന്‍ തയ്യാറല്ലായിരുന്നു. രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അത്‌ലറ്റിക്കോ ലിവര്‍പൂളിനെ ഞെട്ടിച്ചു. 20-ാം മിനിട്ടിലും 34-ാം മിനിട്ടിലും ലക്ഷ്യം കണ്ട് ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയുടെ രക്ഷകനായി. പക്ഷേ മത്സരത്തിന്റെ 52-ാം മിനിട്ടില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയ്ക്ക് വില്ലനുമായി. ഇതോടെ ടീം പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ലിവര്‍പൂള്‍ 78-ാം മിനിട്ടില്‍ വിജയഗോള്‍ നേടി അത്‌ലറ്റിക്കോയെ തകര്‍ത്തു. പെനാല്‍ട്ടിയിലൂടെ സലയാണ് ടീമിനായി വിജയഗോള്‍ നേടിയത്.
ഈ വിജയത്തോടെ ലീഗില്‍ അപരാജിത കുതിപ്പ് നടക്കുന്ന ലിവര്‍പൂള്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയന്റുമായി ഗ്രൂപ്പ് ബി യില്‍ ഒന്നാമത് നില്‍ക്കുന്നു. നാല് പോയന്റുമായി അത്‌ലറ്റിക്കോ രണ്ടാമതാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ എ.സി.മിലാനെ പോര്‍ട്ടോ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ട്ടോ വിജയം നേടിയത്. 65-ാം മിനിട്ടില്‍ ലൂയിസ് ഡയസ്സാണ് ടീമിനായി വിജയഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ മോശം ഫോം തുടരുന്ന മിലാന്റെ മൂന്നാം തോല്‍വിയാണിത്. ഒളിവര്‍ ജിറൂഡും സ്ലാട്ടന്‍ ഇബ്രഹാമോവിച്ചുമെല്ലാം കളിച്ചിട്ടും ടീമിന് വിജയം നേടാനായില്ല. ഗ്രൂപ്പില്‍ പോര്‍ട്ടോ 4 പോയന്റുമായി മൂന്നാമതാണ്. ഇതുവരെ അക്കൗണ്ട് തുറക്കാത്ത മിലാന്‍ അവസാന സ്ഥാനത്താണ്.
Content Highlights: Liverpool beat 10-man Atletico in five-goal thriller, AC Milan lost to Porto
Published: 20 Oct 2021, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented