പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. കിരീടം നിലനിര്‍ത്തി. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതോടെ പി.എസ്.ജി. കിരീടമുറപ്പിച്ചു. ഇനി ഒരു മത്സരം മാത്രമാണ് പി.എസ്.ജിയ്ക്ക് ലീഗില്‍ അവശേഷിക്കുന്നത്. 

To advertise here,

37 മത്സരങ്ങളില്‍ നിന്ന് 85 പോയന്റാണ് പി.എസ്.ജി. നേടിയത്. അതില്‍ 27 വിജയവും നാല് സമനിലയും ആറ് തോല്‍വിയും ഉള്‍പ്പെടും. രണ്ടാമതുള്ള ലെന്‍സിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 81 പോയന്റാണുള്ളത്. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പി.എസ്.ജിയ്ക്ക് വേണ്ടി വലകുലുക്കി. കെവിന്‍ ഗാമെയ്‌റോയാണ് സ്ട്രാസ്ബര്‍ഗിനായി ഗോളടിച്ചത്.

പി.എസ്.ജിയുടെ 11-ാം ഫ്രഞ്ച് ലീഗ് കിരീടമാണിത്. ഇതോടെ ഏറ്റവുമധികം തവണ ഫ്രഞ്ച് ലീഗ് കിരീടം നേടുന്ന ടീമെന്ന റെക്കോഡ് പി.എസ്.ജി. സ്വന്തമാക്കി. 10 കിരീടം നേടിയ സെയ്ന്റ് എറ്റിയെന്നെയുടെ റെക്കോഡ് പഴങ്കഥയായി. 1981-ലാണ് ടീം ഈ റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ 11 സീസണുകള്‍ക്കിടയില്‍ പി.എസ്.ജി. നേടുന്ന ഒന്‍പതാം കിരീടം കൂടിയാണിത്.