മൈതാനങ്ങൾ പലകുറി കീഴടക്കിയവനെങ്കിലും പ്രായം 35-പിന്നിട്ട മനുഷ്യൻ ഒരു 20-കാരനെ ഓടിത്തോൽപ്പിക്കുന്ന അത്രയും സുന്ദരമായ കാഴ്ചയ്ക്കാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്. ഖത്തർ ലോകകപ്പിലെ തന്നെ ഏറ്റവും കരുത്തുറ്റ, പ്രതിഭാധനനായ യുവപ്രതിരോധനിരക്കാരൻ ജോസ്‌കോ ഗ്വാർഡിയോൾ ലയണൽ മെസ്സിക്ക് മുന്നിൽ നിഷ്പ്രഭനായിപോയ നിമിഷം. സെമിയിൽ മെസ്സിപ്പടയോട് തോറ്റ് നിരാശയോടെ തിരിഞ്ഞുനടക്കേണ്ടിവരുമ്പോഴും ഗ്വാർഡിയോളിന്റെ വാക്കുകളിങ്ങനെയാണ്.

To advertise here,

'ഞങ്ങൾ തോറ്റെങ്കിലും അയാൾക്കെതിരേ കളിച്ചതിൽ ഞാൻ സന്തോഷവാനാണ്. വലിയ അനുഭവമാണത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരേയാണ് കളിച്ചതെന്ന് ഞാനൊരു ദിവസം എന്റെ കുട്ടികളോട് പറയും. അടുത്ത തവണ അയാളെ പരാജയപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.'

ഗ്വാർഡിയോൾ അവസാനിപ്പിച്ചു. മെസ്സി അങ്ങനെ നിന്ന്‌ ത്രസിപ്പിച്ച പതിറ്റാണ്ടുകളാണ് കഴിഞ്ഞുപോയത്. അത് ആവോളം വർണിച്ചും വാഴ്ത്തിയും കടന്നുപോയ തലമുറയ്ക്ക് ഒരുപക്ഷേ ഈ വാക്കുകളിൽ പുതുമതോന്നാനിടയില്ല. സ്വാഭാവികമാണത്. എന്നാൽ അതേ രാത്രിയിൽ അതേ മനുഷ്യനോട് നടത്തിയ മറ്റൊരു പ്രതികരണമാണ് യഥാർഥത്തിൽ അത്ഭുതപ്പെടുത്തിയത്. ചിന്തിപ്പിച്ചത്. ഒരു കളിക്കാരന്റേതല്ല. മാധ്യമപ്രവർത്തകയുടേതായിരുന്നു ആ വാക്കുകൾ. അർജന്റൈൻ മാധ്യമപ്രവർത്തക സോഫി മാർട്ടിനസിന്റേത്. എല്ലാ ചോദ്യങ്ങൾക്കുമൊടുക്കം അവസാനമായി ഒരു കാര്യം പറയാനുണ്ടെന്ന ആമുഖത്തോടെ അവർ പറഞ്ഞുതുടങ്ങി.

'ലോകകപ്പ് ഫൈനലാണ് വരാൻ പോകുന്നത്. തീർച്ചയായും ഞങ്ങൾക്ക് വിജയിക്കണം. എന്നാൽ മത്സരഫലം എന്തുതന്നെയായാലും നിങ്ങളിൽ നിന്ന് ഒരാൾക്കും എടുക്കാൻ സാധിക്കാത്ത ചിലതുണ്ട്. ഞങ്ങൾ ഓരോ അർജന്റീനക്കാരിലും നിങ്ങൾ പ്രതിധ്വനിച്ചുകൊണ്ടേയിരുക്കുകയാണെന്ന വസ്തുതയാണത്. ഞാൻ ഗൗരവത്തോടെയാണ് പറയുന്നത്. സത്യത്തിൽ എല്ലാവരുടേയും ജീവിതത്തിൽ നിങ്ങൾ നിങ്ങളെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് ലോകകപ്പ് വിജയത്തിനപ്പുറമാണ്. നിങ്ങളിൽ നിന്ന് അത് മറ്റാർക്കും എടുക്കാൻ സാധിക്കില്ല. മറ്റുള്ളവർക്ക് ഇത്രത്തോളം ആനന്ദം പകരുന്നതിൽ നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുന്നു. ഈ വാക്കുകൾ നിങ്ങൾ ഹൃദയത്തിലേറ്റുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അത് ലോകകപ്പ് വിജയത്തേക്കാളും എത്രയോ പ്രധാനപ്പെട്ടതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു'

മൈതാനങ്ങൾക്കും മത്സരങ്ങൾക്കുമപ്പുറം മാനസങ്ങളെ കീഴടക്കുന്ന മെസ്സിയെന്ന മനുഷ്യൻ. അയാൾ ലോകത്തിനൊന്നടങ്കം അത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അയാളോട് തന്നെ പറഞ്ഞുവെക്കുകയാണ് അവർ. ബഹുമാനത്തോടേയും ആദരവോടേയും മാധ്യമപ്രവർത്തകയെ ചിരിയോടെ കേട്ടുനിൽക്കുന്നുണ്ട് മെസ്സി. തങ്ങളുടെ ജീവിതത്തിൽ ആനന്ദം ചൊരിയുന്നതിനേക്കാൾ തിളക്കമുള്ളതല്ല ലോകകപ്പ് വിജയമെന്ന് ആവർത്തിച്ചുപറയുന്നത് മറ്റൊന്നും കൊണ്ടല്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ, യാത്രകളെ ഒരു വേളയെങ്കിലും പ്രത്യാശാനിർഭരമാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ടെന്ന യാഥാർഥ്യത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമമാണത്. ഒരർഥത്തിൽ മെസ്സി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എന്നേ മാറിക്കഴിഞ്ഞുവെന്ന പ്രഖ്യാപനം. ഇതാ നിങ്ങളീ വിരിമാറിൽ തലചായ്ച്ചുകൊള്ളൂവെന്ന് പറഞ്ഞുവെക്കുകയാണവർ.

ലുസെയ്‌ലിലെ അവസാന അങ്കവും കഴിഞ്ഞ് മടങ്ങുന്ന മെസ്സിയുടെ കാഴ്ചയോളം സമ്മോഹനമായ മറ്റൊരു മുഹൂർത്തവും ഒരു പക്ഷേ പലരുടേയും ജീവിതത്തിൽ ഇത്രയും കാലം ഉണ്ടായിട്ടുണ്ടാവില്ല. അതിലും തീവ്രമായ മറ്റൊരു വികാരവും ഈ തലമുറയ്ക്ക് പങ്കുവെക്കാനുമുണ്ടാവില്ല. സ്വച്ഛമായ ഒരു ഒഴുക്കാണ് മെസ്സി. തലമുറകളോളം നിലയ്ക്കാതെ അതങ്ങനെ കടന്നുപോയ്‌ക്കൊണ്ടേയിരിക്കും. കറുത്ത മേലങ്കിയുമണിഞ്ഞ് മെസ്സി സ്വർണകപ്പുയർത്തുന്ന ആ രാത്രിയിൽ അന്ന് റൊസാരിയോയിലെ തെരുവ് മാത്രമല്ല, ഇങ്ങിവിടെ മലയാളികളുമുറങ്ങിയിട്ടില്ല. കാരണം മെസ്സി പന്തുതട്ടിയത് മലയാളമണ്ണിൽ കൂടിയാണ്. നിശ്ചലമായൊരു പന്ത് പൊടുന്നനെ മഴവില്ലഴകിൽ തുളച്ചുകയറുന്നത് മലയാളികളുടെ ഹൃദയത്തിനുള്ളിലേക്ക് കൂടിയായിരുന്നല്ലോ. മെസ്സി എത്ര തവണ മലയാളികളോട് സംവദിച്ചിട്ടുണ്ടെന്ന് നിശ്ചയമുണ്ടോ? കാൽപന്തിന്റെ ഭാഷ കൊണ്ടാണത്. അത് ചിലപ്പോഴെങ്കിലും മലയാളികൾക്ക് മാത്രമല്ല ലോകത്തിൽ മറ്റൊരാൾക്കും മനസിലാക്കിയെടുക്കാനുമാവാറില്ല.

അങ്ങനെ മെസ്സി സംവദിച്ചവരുടെ കൂട്ടത്തിൽ തിരൂരിലെ രണ്ടാം ക്ലാസുകാരി ലുബ്‌ന വരെയുണ്ട്. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടവനായി മെസ്സി തിരിഞ്ഞുനടക്കുമ്പോൾ സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട് ലുബ്‌ന. 'മെസ്സിക്ക് ഇനിയും കളിയില്ലേ' എന്ന് ഇടറുന്ന ശബ്ദത്തിൽ പറഞ്ഞ കുഞ്ഞു ആരാധിക. കിലോമീറ്ററുകൾക്കപ്പുറം താനൂരിലൊരു മാറഡോണയുണ്ട്. ഫുട്‌ബോൾ ഇതിഹാസം മാറഡോണയുടെ കടുത്ത ആരാധകനായിരുന്ന മുരളീധരന്റെ മകനായ മാറഡോണ. അങ്ങനെ എത്രയെത്ര ആരാധക ഹൃദയങ്ങൾ.

ഇങ്ങിവിടെ തേക്കിൻകാട് മൈതാനത്ത് മെസ്സിയെത്തിയതും അങ്ങനെയാണല്ലോ. ഒരു ത്രില്ലർ മത്സരത്തിലേതെന്നുപോലെ ആവേശക്കടലായി മാറിയ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് കുടകളുയർത്തി. പൂരനഗരിയെ ആലവട്ടവും വെൺചാമരവും വർണക്കുടകളുമായി ഇരു വിഭാഗങ്ങളും വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. പൂരനഗരിയിൽ ഒടുക്കമിതാ ആ പത്താം നമ്പറുകാരനുമെത്തി. മെസ്സിയില്ലാതെ മലയാളികൾക്കെന്ത് പൂരമെന്ന് തോന്നിപ്പിച്ചുകൊണ്ട്.

ആനപ്പുറത്ത് മാത്രമല്ല പതിന്മടങ്ങ് ഉയരത്തിൽ എവറസ്റ്റ് കൊടുമുടിയിൽ വരെ മെസ്സി സ്‌നേഹം പാറിപ്പറന്നിട്ടുണ്ട്. ചൈനീസ് സാഹസികനായ ഡാൻ മെസ്സിയോടുള്ള ആരാധന വ്യത്യസ്തമായാണ് പ്രകടിപ്പിച്ചത്. എവറസ്റ്റ് കൊടുമുടിയ്ക്ക് മുകളിൽ മെസ്സിയുടെ നീലക്കുപ്പായം ഉയർത്തിയാണ് ഡാൻ ഏവരേയും വിസ്മയിപ്പിച്ചത്. 8848 മീറ്റർ ഉയരത്തിലെത്തി നിൽക്കുമ്പോഴും അയാൾ മെസ്സിയെ അവിടെ അടയാളപ്പെടുത്താൻ മറന്നില്ല. എവറസ്റ്റ് കീഴടക്കുകയെന്ന അവിശ്വസനീയമായ നേട്ടത്തെ പ്രശംസിച്ച മെസ്സി, തന്നോടുള്ള സ്‌നേഹത്തിന് പ്രത്യേകം നന്ദിയും പറഞ്ഞു. റൊസാരിയോയിൽ ഒരാൾ തന്റെ കുഞ്ഞിന് മെസ്സി എന്ന പേര് വരെ നൽകി. പലരും ഇത് തുടർന്നപ്പോൾ അധികാരികൾക്ക് ഇതിനെതിരേ ഉത്തരവിടേണ്ടിയും വന്നു. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മെസ്സിയെന്ന പേര് നൽകുന്നത് തടഞ്ഞുകൊണ്ടാണ് റൊസാരിയോയിൽ അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചത്. മെസ്സി എന്നത് കുടുബപേരാണെന്നും അത് മറ്റൊരു വ്യക്തിയുടെ പേരിന്റെ ആദ്യ നാമമായി ഉപയോഗിക്കരുതെന്നുമായിരുന്നു നിർദേശം.

റൊസാരിയോ പോലെ ബാഴ്‌സലോണയും മെസ്സിയ്ക്ക് അത്രയും പ്രിയപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ മെസ്സി പന്തുതട്ടിക്കളിച്ച നഗരമാണ് ബാഴ്‌സലോണ. അവിടെ കളിച്ച് കളിച്ചാണ് ആ റൊസാരിയോക്കാരൻ പയ്യൻ സ്‌പെയിനിലും തരംഗമാകുന്നത്. സ്‌പെയിൻ പൗരത്വം ലഭിച്ച മെസ്സിയ്ക്ക് വേണമെങ്കിൽ സ്‌പെയിൻ ദേശീയ ടീമിനായി ബൂട്ടുകെട്ടാമായിരുന്നു. പക്ഷേ അർജന്റീനയല്ലാതെ മറ്റൊരു രാജ്യത്തിനുവേണ്ടിയും കളിക്കില്ലെന്ന ഉറച്ച നിലപാടാണ് മെസ്സി കൈക്കൊണ്ടത്. സ്‌പെയിനിൽ ചരിത്രമെഴുതിയ മെസ്സി മൈതാനങ്ങൾ കടന്ന് നിഘണ്ടുവിലുമെത്തി. സ്പാനിഷ് നിഘണ്ടുവിലാണ് മെസ്സിയെ സൂചിപ്പിക്കുന്ന 'inmessionante' എന്ന വാക്ക് കൂട്ടിച്ചേർത്തത്. രണ്ട് അർഥങ്ങളാണ് വാക്കിന് നിഘണ്ടുവിലുണ്ടായിരുന്നത്. 'ഫുട്‌ബോൾ കളിക്കാനുള്ള ഏറ്റവും മികച്ച മാർഗം, സ്വയം മെച്ചപ്പെടാനുള്ള പരിധിയില്ലാത്ത കഴിവ്', 'എക്കാലത്തേയും മികച്ച കളിക്കാരനെ സൂചിപ്പിക്കുന്നു' എന്നിവയാണവ.

ജർമനിക്കുവേണ്ടിയോ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന് വേണ്ടിയോ മെസ്സി കളിച്ചിട്ടില്ല. എങ്കിലും ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ മ്യൂസിയത്തിൽ മെസ്സിയുടെ ജേഴ്‌സിയുണ്ട്. ബയേൺ ഇതിഹാസം ജെർഡ് മുള്ളറിന് മെസ്സി സമ്മാനിച്ച ജേഴ്‌സിയാണത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് മുള്ളറിനെ മറികടന്നുകൊണ്ട് മെസ്സി സ്വന്തമാക്കിയതിന് ശേഷമാണ് മെസ്സി അദ്ദേഹത്തിന് ജേഴ്‌സി സമ്മാനിച്ചത്. 

ഖത്തർ ലോകകപ്പ് നേട്ടത്തോടെയാണ് മെസ്സിയുടെ കരിയറിന് പൂർണത കൈവരുന്നത്. വ്യക്തിഗത നേട്ടങ്ങളും ക്ലബ്ബിലെ കിരീടനേട്ടങ്ങളും കൊണ്ട് സമ്പന്നമായ മെസ്സിയുടെ കരിയറിൽ കാൽപന്തുകളിയിലെ ആ കനകകിരീടത്തിന്റെ വിടവുണ്ടായിരുന്നു. അത് കൂടിയാണ് ഖത്തറിൽ വെച്ച് നികത്തപ്പെട്ടത്. പിന്നാലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലോറസ് പുരസ്‌കാരവും മെസ്സിയെ തേടിയെത്തി. പിന്നാലെ ബാലൺദ്യോറും ആ കൈകളിൽ വന്നുചേർന്നു. എട്ടാം ബാലൺദ്യോറെന്ന ചരിത്രനേട്ടവും.

 

കളിക്കളത്തിൽ മെസ്സി നേടിയ ഗോളുകളെക്കുറിച്ചും റെക്കോർഡുകളെക്കുറിച്ചും യഥാർഥത്തിൽ പറയാതിരിക്കുന്നതാണ് ഉചിതം. ചില ആരാധകരുടേയും ഫുട്‌ബോൾ പണ്ഡിതരുടേയും പക്ഷം അങ്ങനെയാണ്. അന്നൊരിക്കൽ പെപ് ഗ്വാർഡിയോള പറഞ്ഞതുപോലെ അയാളെക്കുറിച്ച് എഴുതാനോ വർണിക്കാനോ ശ്രമിക്കരുത്, അയാളുടെ കളി കാണുക അത്രമാത്രം. അയാൾ പന്തുതട്ടുന്നത് കാണുന്നതു തന്നെ വലിയൊരു ആനന്ദമാണ്.

'ലോകത്തിലെ ഏഴ് മഹാദ്ഭുതങ്ങൾ ഒരു പക്ഷേ മറ്റെവിടെയെങ്കിലുമായിരിക്കും എന്നാൽ എട്ടാമത്തേത് ഇവിടെയുണ്ട്' എന്നൊരിക്കൽ മെസ്സിയുടെ കളിക്കിടയിൽ ഒരു കമന്റേറ്റർ പറഞ്ഞിട്ടുണ്ട്. പ്രതിരോധനിരക്കാർ അയാളെ ഫേസ്ബുക്കിലൂടെ പിന്തുടരാൻ ശ്രമിക്കുമ്പോൾ അയാൾ ട്വിറ്ററിലൂടെ പുറത്തുവരുന്നു എന്ന് മറ്റൊരാൾ. കളിക്കപ്പുറം അയാൾ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. പോർച്ചുഗീസ് എഴുത്തുകാരൻ അന്റോണിയോ ലോബോ എഴുതിയതുപോലെ

 

'ജീവിതത്തിൽ പ്രധാനപ്പെട്ട മൂന്നോ നാലോ കാര്യങ്ങളുണ്ട്. പുസ്തകങ്ങൾ, സുഹൃത്തുക്കൾ, സ്ത്രീകൾ… പിന്നെ മെസ്സി.'